ന്യൂയോർക്ക്: സീസണൊടുവിൽ ഇന്‍റർ മയാമിയുമായി കരാർ അവസാനിക്കാനിരിക്കെ, ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി സൗദി പ്രോ ലീഗിലേക്കെന്ന പ്രചാരണം ശക്തമാകുന്നു.
ക്ലബ് ഏഷ്യൻ ചാമ്പ്യന്മാരായ അൽ അഹ്‌ലി ക്ലബാണ് താരത്തിനായി രംഗത്തുള്ളത്. ഇതിനോടകം മെസ്സി ക്യാമ്പുമായി അഹ്‌ലി അധികൃതർ ചർച്ച നടത്തിയതായാണ് വിവരം. മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മയാമി ഇതുവരെ ചർച്ചകളൊന്നും ആരംഭിക്കാത്തതും സൗദി നീക്കത്തിന് ശക്തിപകരുന്നുണ്ട്. വർഷാവസാനത്തോടെ മെസ്സിയുമായി കരാറിലെത്താനാണ് സൗദി പ്രോ ലീഗി ക്ലബിന്‍റെ ശ്രമമെന്ന് ഫ്രഞ്ച് പത്രം ലെക്വിപ്പ് റിപ്പോർട്ട് ചെയ്തു. ഡിസംബറിലാണ് മയാമിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്നത്.
മെസ്സിക്ക് സൗദി ക്ലബ് എത്ര തുകയാണ് ഓഫർ ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, താരത്തെ ക്ലബിലെത്തിക്കാൻ സാധ്യമയ വഴികളെല്ലാം നോക്കുകയാണ് അഹ്‌ലി. മെസ്സി എത്തുന്നതോടെ സൗദി പ്രോ ലീഗിന്‍റെ പ്രതിച്ഛായ വീണ്ടും വർധിക്കുമെന്നും ആഗോള ശ്രദ്ധാ കേന്ദ്രമാകുമെന്നുമാണ് ക്ലബ് അധികൃതരുടെ വിശ്വാസം. കഴിഞ്ഞമാസം പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ ക്ലബുമായി രണ്ടു വർഷത്തേക്ക് കരാർ പുതുക്കിയിരുന്നു. മെസ്സി കൂടി ലീഗിൽ എത്തുന്നതോടെ ഫുട്ബാൾ ലോകത്തിന്‍റെ കണ്ണും കാതുമെല്ലം സൗദിയിലേക്ക് തിരിയും.
അൽ ഹിലാൽ 2023ൽ മെസ്സിക്ക് റെക്കോഡ് തുകയാണ് വാഗ്ദാനം ചെയ്തിരുന്നത്, വാർഷിക പ്രതിഫലമായി 3400 കോടി രൂപ. എന്നാൽ, ഓഫർ നിരസിച്ച താരം മയാമിയുമായി കാരറിലെത്തി. മയാമിയിൽ 175 കോടി രൂപയാണ് വാർഷിക പ്രതിഫലമായി ലഭിക്കുന്നത്. കൂടാതെ, ലീഗ് സ്‌പോൺസർമാരും ടെലിവിഷൻ സംപ്രേഷണാവകാശമുള്ളവരുമായുള്ള കരാർപ്രകാരം വമ്പൻ തുകയും താരത്തിന് ലഭിക്കുന്നുണ്ട്. സൗദിയുടെ പണക്കിലുക്കത്തിന് മുന്നിൽ ഇത്തവണയെങ്കിലും മെസ്സി വീഴുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലുള്ള നാല് ക്ലബുകളിൽ ഒന്നാണ് അൽ അഹ്‌ലി. അതുകൊണ്ടുതന്നെ പണം ക്ലബിന് ഒരു പ്രശ്മല്ല. അഹ്‌ലിയുടെ നീക്കം വിജയിക്കുകയാണെങ്കിൽ ഫുട്‌ബാൾലോകത്ത് വീണ്ടുമൊരു മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തിന് കളമൊരുങ്ങും. 2009 മുതൽ 2018 വരെ ഇരുവരും സ്പാനിഷ് ലാ ലിഗയിൽ ഒരുമിച്ചായിരുന്നു. മെസ്സി ബാഴ്സക്കുവേണ്ടിയും ക്രിസ്റ്റ്യാനോ റയൽ മഡ്രിഡിനും വേണ്ടിയാണ് പന്തുതട്ടിയത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ