
ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ എന്നു കേൾക്കുമ്പോൾ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമൊക്കെയാണ് നമുക്ക് ഓർമ വരിക. കളിയിൽനിന്നും പരസ്യവരുമാനത്തിൽനിന്നുമൊക്കെ പ്രതിമാസം കോടികളാണ് ഇരുവരും സമ്പാദിക്കുന്നത്.
എന്നാൽ, ആധുനിക ഫുട്ബാളിൽ പ്രഫഷനൽ താരങ്ങളിൽ ഏറ്റവും സമ്പന്നനായ കളിക്കാരൻ ആരെന്ന് ചോദിച്ചാൽ മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെ പടിക്ക് പുറത്താണ്. ഇരുവരുടേയും മൊത്തം സമ്പാദ്യത്തിന്റെ എത്രയോ മടങ്ങ് അധികം ആസ്തിയുള്ള ഒരു കളിക്കാരൻ നിലവിൽ ഫുട്ബാൾ ലോകത്ത് പന്തുതട്ടുന്നുണ്ട്. കളിക്കമ്പക്കാരിൽ ഭൂരിഭാഗം പേർക്കും അറിയില്ലെങ്കിലും ബ്രൂണെക്കാരനായ ഫായിഖ് ബോൾക്കിയ ആണ് ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാൾ താരം. അതിരില്ലാത്ത സമ്പത്തിൽ അഭിരമിക്കുന്ന ബ്രൂണെ രാജകുടുംബത്തിൽ പെട്ടയാളാണ് ഫായിഖ് എന്നതാണ് സഹസ്ര കോടി സമ്പത്തിന്റെ അടിസ്ഥാനം. 174,300 കോടി രൂപയാണ് ഫായിഖിന്റെ ആസ്തി!
തായ്‍ലാൻഡിലെ റാച്ച്ബുരി എഫ്‌സിക്കുവേണ്ടിയാണ് ഫായിഖ് ബോൾക്കിയ ബൂട്ടുകെട്ടുന്നത്. ബ്രൂണെ ദേശീയ ടീമിന്റെ ക്യാപ്റ്റനുമാണ്. വിങ്ങറുടെ റോളിലാണ് 26കാരൻ കളത്തിലിറങ്ങുന്നത്. യു.എസിൽ ജനിച്ച ഫായിഖ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ സതാംപ്ടൺ, ചെൽസി, ലീസസ്റ്റർ സിറ്റി എന്നിവയുടെ യൂത്ത് ടീമുകളിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. ബ്രൂണെ ദേശീയ ടീമിനുവേണ്ടി ആറു കളികളിൽ ഒരു ഗോൾ നേടിയിട്ടുണ്ട്.
രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൊത്തം ആസ്തി 6,972 കോടി രൂപയാണ്. ലോക ചാമ്പ്യനായ ലയണൽ മെസ്സി 5,229 കോടി രൂപയുടെ ആസ്തിയുമായി മൂന്നാമതാണുള്ളത്.
ലോകത്തിലെ ഏറ്റവും ധനികരായ 10 ഫുട്ബാൾ താരങ്ങൾ
(സ്ഥാനം, കളിക്കാരൻ, ആസ്തി, ദേശീയ ടീം, നിലവിലെ ക്ലബ് എന്ന ക്രമത്തിൽ)
- 1. ഫായിഖ് ബോൾക്കിയ -174,300 കോടി രൂപ-ബ്രൂണൈ-റാച്ച്ബുരി എഫ്‌സി
- 2. ക്രിസ്റ്റ്യാനോ റൊണാൾഡോ -6,972 കോടി രൂപ -പോർച്ചുഗൽ -അൽ നസർ
- 3. ലയണൽ മെസ്സി -5,229 കോടി രൂപ -അർജന്റീന -ഇന്റർ മിയാമി
- 4. ഡേവിഡ് ബെക്കാം -3,921 കോടി രൂപ -ഇംഗ്ലണ്ട് -വിരമിച്ചു
- 5. നെയ്മർ ജൂനിയർ -3,050.25 കോടി രൂപ -ബ്രസീൽ -സാന്റോസ്
- 6. സ്ലാട്ടൻ ഇബ്രാഹിമോവിച്ച് -1,655.85 കോടി രൂപ -സ്വീഡൻ -വിരമിച്ചു
- 7. കിലിയൻ എംബാപ്പെ -1,568.7 കോടി രൂപ -ഫ്രാൻസ് -റയൽ മഡ്രിഡ്
- 8. വെയ്ൻ റൂണി -1,481.55 കോടി രൂപ -ഇംഗ്ലണ്ട് -വിരമിച്ചു
- 9. റൊണാൾഡോ നസാരിയോ -1,394.4 കോടി രൂപ -ബ്രസീൽ -വിരമിച്ചു
- 10. ഗാരെത്ത് ബെയ്ൽ -1,263.6 കോടി കോടി രൂപ -വെയിൽസ്- വിരമിച്ചു�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/OeKtfSg