ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ പുറത്തായതിന്റെ നിരാശ മാറ്റി എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പരിശീലകന്റെ പടിയിറക്കം. ഒരേ സമയം ഇന്ത്യൻ ദേശീയ ടീമിന്റെയും ഗോവയുടെയും കോച്ചായ മനോലോ മാർക്വേസ് സീസൺ പൂർത്തിയായതോടെ ഐ.എസ്.എൽ ടീമിന്റെ കുപ്പായമഴിച്ചു. ഇനി പൂർണമായും നീലക്കടുവകൾക്കൊപ്പമായിരിക്കും സ്പെയിൻകാരൻ. കഴിഞ്ഞ ദിവസം കലിംഗ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പ് കലാശപ്പോരിൽ ജാംഷഡ്പുർ എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോവ തോൽപിച്ചത്. ഇതോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ട് പ്ലേ ഓഫിലേക്കും ടീം യോഗ്യത നേടി.
‘‘ഇതൊരു മികച്ച ടൂർണമെന്റും അതിശയ സംഘവുമായിരുന്നു. ഇവർ ചാമ്പ്യന്മാരാകാൻ പൂർണമായും അർഹരാണ്. നാലു മത്സരങ്ങൾ ജയിക്കണമെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങൾ ഇവിടെ എത്തി. ഞങ്ങൾ അതു ചെയ്തു. ഏറെ ശക്തമായ മോഹൻ ബഗാനെ നേരിട്ടാണ് ഐ.എസ്.എൽ ഷീൽഡിൽ രണ്ടാം സ്ഥാനം നേടിയത്. ചെറിയ പാകപ്പിഴവുകൾ കാരണം ഞങ്ങൾ സെമിഫൈനലിൽ തോറ്റു. ഇവിടെ ജയിക്കാനും ഏഷ്യൻ മത്സര സ്ഥാനം ഉറപ്പാക്കാനും ആഗ്രഹിച്ചു. ഞങ്ങൾ നാലു മികച്ച മത്സരങ്ങൾ കളിച്ചു’’-മാർക്വേസ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് അദ്ദേഹം ഇന്ത്യൻ പരിശീലകനായത്. എന്നാൽ, സീസൺ തീരുന്നതുവരെ ഗോവയിലും തുടർന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ