മയാമിയിൽ ഇനി തീപ്പാറും; മെസ്സിക്കൊപ്പം കളിക്കാൻ ഡി പോൾ
അർജന്റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ. സൂപ്പർ താരം മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയുമായി ഡി പോൾ നാലുവർഷത്തെ കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നാണ് 31കാരനായ താരം മയാമിയിലേക്കെത്തുന്നത്.
ഡി പോൾ എം.എസ്.എൽ ക്ലബ്ബായ മയാമിയിലെത്തുമെന്ന അഭ്യൂഹങ്ങൾ ദിവസങ്ങളായി പ്രചരിച്ചിരുന്നു. അർജന്റീനൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്തുവിട്ടത്. പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ കഴിഞ്ഞ ദിവസം ഈ റിപ്പോർട്ടുകൾ ശരിവെച്ചിരുന്നു.
സെർജിയോ ബുസ്ക്വറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ പരിചയസമ്പന്നർ അണിനിരക്കുന്ന മിയാമിയുടെ മധ്യനിരയിലേക്ക് ഡി പോൾ കൂടിയെത്തുന്നതോടെ കരുത്ത് വർധിക്കും. അർജന്റീനയുടെ നാഷണൽ ടീമിൽ മെസ്സിയുടെ സഹതാരമായ ഡി പോൾ മയാമിലേക്കെത്തുന്നത് മെസ്സി ആരാധകർക്കും ഏറെ സന്തോഷം പകരുന്നതാണ്. മെസ്സി ടീമിൽ തുടരുകയാണെങ്കിൽ മയാമിയിലേക്ക് വരാൻ താൻ തയാറാണെന്ന് ഡി പോൾ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ