കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയിലാക്കി സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസും ക്ലബ് വിട്ടു. കഴിഞ്ഞ സീസണിൽ ടീമിലെത്തിയ താരം പരസ്പര ധാരണയോടെയാണ് കരാർ അവസാനിപ്പിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. 2026 വരെയായിരുന്നു കരാർ ഉണ്ടായിരുന്നത്. ക്ലബ് വിടുന്നതിൽ തനിക്ക് അതിയായ സങ്കടം ഉണ്ടെന്നു പറഞ്ഞ താരം ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും നന്ദി പറഞ്ഞു.
“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയോട് നന്ദി പറയുകയാണ്. സാഹചര്യം മനസിലാക്കി യൂറോപ്പിലേക്കുള്ള എന്റെ യാത്രക്ക് വഴിയൊരുക്കിത്തന്നു. അതിൽ നന്ദി അറിയിക്കുകയാണ്. കരിയറിലെ ഈ ഘട്ടത്തിൽ ഇടവേളകളില്ലാതെ സ്ഥിരമായി കളിക്കുന്നത് എനിക്ക് പ്രധാനമാണ്. ഇന്ത്യൻ ഫുട്ബാളിനെ ചുറ്റിപ്പറ്റി അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ക്ലബ്ബിന്റെ ധാരണക്കും പ്രഫഷനലിസത്തിനും ഞാൻ നന്ദി പറയുന്നു.
ക്ലബ്ബിൽ തുടർന്ന കാലയളവിലുടനീളം സ്നേഹം മാത്രം കാണിച്ച എണ്ണമറ്റ ആരാധകരോടുള്ള അതിയായ നന്ദിയും നല്ല ഓർമ്മകളും മാത്രം ബാക്കിയാക്കി ഞാൻ പോകുന്നു. കെബിഎഫ്‌സിയുടെ വിജയത്തിനായി ഞാൻ എപ്പോഴും നിലകൊള്ളും. കേരള ബ്ലാസ്റ്റേഴ്‌സ്, എല്ലാത്തിനും നന്ദി” -ജീസസ് സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ജീസസ്. 11 ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിരുന്നു. സൂപ്പർ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിൽ ആരാധക്കൂട്ടമായ മഞ്ഞപ്പട ആശങ്ക അറിയിക്കുന്നതിനിടെയാണ് ജീസസും ടീം വിടുന്നത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ