ഭുവനേശ്വർ: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽനിന്ന് പുറത്ത്. ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട തോറ്റത്.
ജയത്തോടെ മോഹൻ ബഗാൻ സൂപ്പർ കപ്പ് സെമിയിലെത്തി. യുവനിരയെ കളത്തിലിറക്കിയാണ് ബഗാൻ ബ്ലാസ്റ്റേഴ്സിന്‍റെ സെമി മോഹങ്ങൾ തല്ലിക്കെടുത്തിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദും സുഹൈൽ അഹ്മദ് ഭട്ടുമാണ് കൊൽക്കത്ത ക്ലബിനായി വലകുലുക്കിയത്. ഇൻജുറി ടൈമിൽ മലയാളി താരം എം.എസ്. ശ്രീകുട്ടനാണ് ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മുതലെടുക്കാനായില്ല. 22ാം മിനിറ്റിൽ സഹലിന്‍റെ ഗോളിലൂടെയാണ് ബഗാൻ ലീഡെടുത്തത്. ക്രോസ് സ്വീകരിച്ച താരം, ഒരു മനോഹര ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കി. 28ാം മിനിറ്റിൽ നോഹ സദോയിയുടെ ഒരു ഗോൾ ശ്രമം ബഗാൻ ഗോളി ധീരജ് രക്ഷപ്പെടുത്തി. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ക്വാമി പെപ്രയെ കളത്തിൽ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. 51ാം മിനിറ്റിൽ സുഹൈലിലൂടെ ബഗാൻ ലീഡ് വർധിപ്പിച്ചു. മലയാളി താരം ആഷിഖ് കുരുണിയനാണ് ഗോളിന് വഴിയൊരുക്കിയത്. ഇൻജുറി ടൈമിന്‍റെ നാലാം മിനിറ്റിലാണ് ശ്രീകുട്ടൻ ബ്ലാസ്റ്റേഴ്സിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ഡേവിഡ് കറ്റാല എന്ന പുതിയ സ്പാനിഷ് കോച്ചിന് കീഴിലും ബ്ലാസ്റ്റേഴ്സിന് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. പരിക്കേറ്റ അഡ്രിയാൻ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്.
രാത്രി 8.30ന് മറ്റൊരു ക്വാർട്ടറിൽ എഫ്.സി ഗോവ ഐ ലീഗ് ടീമായ പഞ്ചാബ് എഫ്.സിയെ നേരിടും. ഒഡിഷ എഫ്.സിയെ തകർത്താണ് പഞ്ചാബ് അവസാന എട്ടിലെത്തിയത്. ഗോകുലം കേരള എഫ്.സിയെ തോൽപിച്ചാണ് ഗോവ ക്വാർട്ടറിൽ ഇടംനേടിയത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ