
ലണ്ടൻ: ബ്രൂണോയുടെ ഹാട്രിക് മികവിൽ മാഞ്ചസറ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ. ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4-1നാണ് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 5-1 നാണ് യുനൈറ്റഡിന്റെ ജയം.
നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് ഗോളുകളാണ് യുനൈറ്റഡ് ജയം അനായാസമാക്കിയത്. കളി തുടങ്ങി 10ാം മിനിറ്റിൽ മൈക്കൽ ഒയർസാബലിന്റെ പെനാൽറ്റിയിലൂടെ സോസിഡാഡാണ് ആദ്യം ലീഡെടുക്കുന്നത്.
16ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ തന്നെ യുനൈറ്റഡ് മറുപടി നൽകി (1-1). ഹൊയ്ലുണ്ടിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് വലയിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച രണ്ടാം പെനാൽറ്റിയും ഫെർണ്ടാസ് ലക്ഷ്യത്തിലെത്തിച്ചതോടെ യുനൈറ്റഡ് ലീഡെടുത്തു(2-1).
63 ാം മിനിറ്റിൽ ഡോർഗുവിനെ ഫൗൾ ചെയ്തതിന് സോസിഡാഡിന്റെ വെസിസ്വലൻ പ്രതിരോധ താരം ജോൺ അരംബുരു ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പത്ത് പേരായി ചുരുങ്ങിയ സോസിഡാഡ് അതോടെ കളി കൈവിട്ടു. 87ാം മിനിറ്റിൽ ഗർനാചോയുടെ പാസിൽ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക് പൂർത്തിയാക്കി(3-1). ഇഞ്ചുറി ടൈമിൽ ഡിയോഗോ ഡാലോട്ട് ഗോൾ നേടിയതോടെ സോസിഡാഡിന്റെ പതനം പൂർത്തിയായി(4-1).
മറ്റൊരു മത്സരത്തിൽ അൽക്മാറിനെ 3-1 ന് വീഴ്ത്തി ടോട്ടൻഹാമും ക്വാർട്ടറിൽ കടന്നു. ലിയോൺ എതിരില്ലാത്ത നാലു ഗോളിന് എഫ്.സി.എസ്.ബിയെ തോൽപിച്ചു. ക്വാർട്ടറിൽ യുനൈറ്റഡ് ലിയോണിനെയും ടോട്ടൻഹാം ഫ്രാങ്കഫർട്ടിനെയും നേരിടും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/A0yQXRt