ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് സൗദി ക്ലബ് അൽ ഹിലാൽ. ആവേശം അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ഇംഗ്ലീഷ് ക്ലബിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് വീഴ്ത്തി ഹിലാൽ ക്വാർട്ടർ ഫൈനലിൽ കടന്നു.
ഫ്ലോറിഡയിൽ നടന്ന മത്സരത്തിൽ ഹിലാലിനായി മാർക്കോസ് ലിയോനാർഡോ ഇരട്ട ഗോളുമായി തിളങ്ങി. മാൽകോം, കാലിദു കൂലിബാലി എന്നിവരും വലകുലുക്കി. ബെർണാഡോ ഡി സിൽവ, എർലിങ് ഹാലണ്ട്, ഫിൽ ഫോഡൻ എന്നിവരാണ് സിറ്റിക്കുവേണ്ടി ഗോൾ നേടിയത്. പന്തു കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും സിറ്റിക്കായിരുന്നു മുൻതൂക്കം.

മത്സരത്തിൽ ആദ്യം താളം കണ്ടെത്തിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. ഒമ്പതാം മിനിറ്റിൽ തന്നെ സിൽവയിലൂടെ പെപ് ഗ്വാർഡിയോളയുടെ സംഘം ലീഡെടുത്തു. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർക്കോസ് ലിയോനാർഡോയിലൂടെ (46ാം മിനിറ്റിൽ) ഹിലാൽ ഒപ്പമെത്തി. ജോവോ കാന്‍സലോയുടെ ഷോട്ട് സിറ്റി ഗോൾകീപ്പർ എഡേഴ്സൺ തടഞ്ഞിട്ടെങ്കിലും ലിയോനാർഡോ മികച്ചൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി.
ആറു മിനിറ്റിനുള്ളിൽ സിറ്റിയെ ഞെട്ടിച്ച് ഹിലാൽ മുന്നിലെത്തി. 52ാം മിനിറ്റിൽ മാൽകോമാണ് ഗോൾ നേടിയത്. കാൻസലോ നൽകിയ പാസ് കൃത്യമായി സ്വീകരിച്ച് മുന്നേറിയ താരം പന്ത് വലയിലാക്കി. . 55ാം മിനിറ്റിൽ ഹാലണ്ട് സിറ്റിക്കായി സമനില ഗോൾ നേടി. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും വിജയ ഗോൾ നേടാനാകാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക്. 94-ാം മിനിറ്റിൽ കൂലിബാലിയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ അൽ ഹിലാൽ വീണ്ടും മുന്നിലെത്തി.
104ാം മിനിറ്റിൽ ഫോഡനിലൂടെ സിറ്റി വീണ്ടും ഒപ്പമെത്തി. ഹിലാൽ പോരാട്ടവീര്യം കൈവിട്ടില്ല. 112-ാം മിനിറ്റിൽ ലിയോനാർഡോ തന്റെ രണ്ടാം ഗോൾ നേടി ടീമിന് ചരിത്ര വിജയം സമ്മാനിച്ചു. തോൽവിയോടെ സിറ്റി ടൂർണമെന്‍റിൽനിന്ന് പുറത്ത്. ക്വാർട്ടറിൽ ബ്രസീൽ ക്ലബ് ഫ്ലുമിനെൻസാണ് ഹിലാലിന്‍റെ എതിരാളികൾ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ