ഫിഫ ക്ലബ്ബ് ലോകകപ്പിൽ ബൊറൂസിയ ഡോർട്മുണ്ടും ഇന്‍റർ മിലാനും ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ദക്ഷിണ കൊറിയൻ ക്ലബ്ബായ ഉൽസാൻ എച്ച്.ഡിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ബൊറൂസിയ ഡോർട്മുണ്ട് പ്രീക്വാർട്ടർ ഉറപ്പാക്കിയത്. 36–ാം മിനിറ്റിൽ ജോബ് ബെലിങ്ങാമിന്റെ അസിസ്റ്റിൽ ഡാനിയേൽ സ്വെൻസനാണ് ഡോർട്മുണ്ടിനായി വിജയ ഗോൾ കുറിച്ചത്. ഇതോടെ ഗ്രൂപ്പ് എഫിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ഡോർട്മുണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശം. ദക്ഷിണാഫ്രിക്കൻ ക്ലബ്ബായ മാമെലോഡി സൺഡൗൺസുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസ്, ഈ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിൽ കടന്നു.
അർജന്‍റീനൻ ക്ലബ്ബായ റിവർപ്ലേറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാൻ ഗ്രൂപ്പ് ഇ യിലെ ചാംപ്യൻമാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഫ്രാൻസെസ്കോ പിയോ എസ്പൊസിറ്റോ (72–ാം മിനിറ്റ്), അലെസാന്ദ്രോ ബസ്തോനി (90+3) എന്നിവരാണ് ഇന്‍ററിനായി വലകുലുക്കിയത്. ഇന്‍ററിനോട് തോൽവി വഴങ്ങിയതോടെ റിവർപ്ലേറ്റ് പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഉറാവ റെഡ് ഡയമണ്ട്സിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്ത് മെക്സിക്കൻ ക്ലബായ മോണ്ടെറി രണ്ടാം സ്ഥാനക്കാരായും പ്രീക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബൊറൂസിയ ഡോർട്മുണ്ട് മോണ്ടെറിയേയും ഫ്ലൂമിനൻസ് ഇന്റർ മിലാനെയും നേരിടും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ