കെവിൻ ഡി ബ്രൂയിൻ
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ കെവിൻ ഡി ബ്രൂയിൻ ക്ലബ് വിടുന്നു. കരാർ പുതുക്കാത്ത സാഹചര്യത്തിൽ ഈ സീസൺ അവസാനത്തോടെ ബെൽജിയം സൂപ്പർതാരം ഫ്രീ ഏജന്റായി മാറും.
സമൂഹമാധ്യമങ്ങളിലൂടെ കെവിൻ ഡി ബ്രൂയിൻ തന്നെയാണ് ക്ലബ് വിടുന്നുവെന്ന കാര്യം പുറത്തുവിട്ടത്.
‘പ്രിയപ്പെട്ട മാഞ്ചസ്റ്റർ, ഇത് വായിക്കുമ്പോൾ ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. അതിനാൽ ഞാൻ നേരിട്ട് അതിലേക്ക് കടക്കാം. ഒരു മാഞ്ചസ്റ്റർ സിറ്റി കളിക്കാരനെന്ന നിലയിൽ ഇത് എന്റെ അവസാന മാസങ്ങളാണെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. ഇതിനെക്കുറിച്ച് എഴുതാൻ എളുപ്പമുള്ള കാര്യമല്ല, ഫുട്ബാൾ കളിക്കാരൻ എന്ന നിലയിൽ, ഈ ദിവസം ഒടുവിൽ വരുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ആ ദിവസം ഇതാ വന്നിരിക്കുന്നു.’ എന്ന കുറിപ്പും വിടവാങ്ങൽ പ്രഖ്യാപിച്ച പോസ്റ്റിനൊപ്പം പങ്കുവെച്ചു.
2015 ൽ വുൾഫ്സ്ബർഗിൽ നിന്ന് സിറ്റിയിൽ ചേർന്ന ഡി ബ്രൂയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി മാറുകയായിരുന്നു.
നിരവധിപ്രീമിയർ ലീഗ് കിരീടങ്ങൾ, എഫ്എ കപ്പുകൾ, ലീഗ് കപ്പുകൾ എന്നിവ നേടിയിട്ടുണ്ട്. കൂടാതെ 2023ൽ മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രപരമായ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയത്തിലും നിർണായക പങ്കുവഹിച്ചു. ക്ലബ്ബിനായി 413 മത്സരങ്ങളിൽ നിന്ന് 106 ഗോളുകൾ നേടി. നൂറോളം അസിസ്റ്റുകളും�നൽകി.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/2VciuoP