നെയ്മർ മാജിക്! ഒന്നാം സ്ഥാനത്തുള്ള ഫ്ലമംഗോയെ വീഴ്ത്തി സാന്‍റോസ് -വിഡിയോ
സൂപ്പർതാരം നെയ്മർ വലകുലുക്കിയ മത്സരത്തിൽ കരുത്തരായ ഫ്ലമംഗോയെ വീഴ്ത്തി സാന്‍റോസ്. ബ്രസീലിയൻ ലീഗ് സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള ഫ്ലമംഗോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സാന്‍റോസ് തോൽപിച്ചത്.
മത്സരത്തിന്‍റെ 84ാം മിനിറ്റിലാണ് നെയ്മർ വിജയഗോൾ നേടിയത്. പന്തു കൈവശം വെക്കുന്നതിലും പാസ്സിങ് ഗെയിമിലുമെല്ലാം ഫ്ലമംഗോ ആധിപത്യം പുലർത്തിയിട്ടും ഗോൾ മാത്രം നേടാനായില്ല. മത്സരത്തിൽ ഫ്ലമംഗോയുടെ പന്തടക്കം 75 ശതമാനമാണ്. ആദ്യ പകുതിയിൽ നെയ്മറിന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
നിശ്ചിത സമയം അവസാനിക്കാൻ ആറു മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് നെയ്മർ സാന്‍റോസിന്‍റെ രക്ഷകനായി അവതരിക്കുന്നത്. ഗിൽഹെർമെ ഇടതുപാർശ്വത്തിൽനിന്ന് ബോക്സിനുള്ളിലേക്ക് നൽകിയ പന്താണ് ഗോളിലെത്തുന്നത്. പ്രതിരോധ താരങ്ങളെ കബളിപ്പിച്ചശേഷം നെയ്മർ തൊടുത്ത ഷോട്ട് ഗോൾകീപ്പറെയും മറികടന്ന് വലയിൽ. 13 മത്സരങ്ങളിൽനിന്ന് 14 പോയന്‍റ് മാത്രമുള്ള സാന്‍റോസ് ലീഗിൽ 13ാം സ്ഥാനത്താണ്. തോറ്റെങ്കിലും ഫ്ലമംഗോ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 13 മത്സരങ്ങളിൽനിന്ന് 27 പോയന്‍റ്.
അടുത്തിടെ, നെയ്മർ തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസുമായുള്ള കരാർ ഡിസംബർ വരെ പുതുക്കിയിരുന്നു. സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാലുമായുള്ള കരാർ അവസാനിച്ചതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ആറ് മാസത്തെ കരാറിലാണ് 33 കാരൻ ബ്രസീലിയൻ ക്ലബിലേക്ക് തിരിച്ചെത്തിയത്. എഫ്.സി ബാഴ്സലോണയിലും പി.എസ്.ജിയിലും കളിച്ച താരം യൂറോപ്പിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ബ്രസീലിയൻ സീരി എ സീസൺ അവസാനിക്കുന്നതുവരെ സാന്‍റോസുമായി പുതിയ കരാർ ഒപ്പിടുകയായിരുന്നു, കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
നിരന്തരം പരിക്കുകൾ വേട്ടയാടുന്ന താരത്തിന് 2023 ഒക്ടോബറിനുശേഷം ദേശീയ ടീമിനായി കളിക്കാനായിട്ടില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ