ന്യൂജെഴ്സി: പ്രവചനങ്ങളും വിദഗ്ദരുടെ അഭിപ്രായങ്ങളും കാറ്റിൽപറത്തിയ ചെൽസിക്ക് ഫിഫ ക്ലബ് ലോകകപ്പ് കിരീടം. വമ്പൻ താരനിരയുമായെത്തിയ,ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് സംഘം പി.എസ്.ജിയെ 3-0നാണ് നീലപ്പട തകർത്തത്. 22, 30 മിനിറ്റുകളിൽ ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര താരം കോൾ പാമർ വല കുലുക്കി. ബ്രസീലുകാരൻ പെഡ്രോ 43ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി.ചെൽസിയുെട രണ്ടാമത്തെ ക്ലബ് ലോകകപ്പ് കിരീടമാണിത്.
കരുത്തരായ പി.എസ്.ജിയെ വരച്ച വരയിൽ നിർത്തിയാണ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ചെൽസി നിറഞ്ഞാടിയത്. തുടക്കത്തിൽ പി.എസ്.ജി ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ചെൽസിയുെട നിയന്ത്രണത്തിലായി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ലോകോത്തര ഗോൾകീപ്പർ ഡോണ്ണരുമ്മയുടെ വലയിൽ പതിച്ചത് കണ്ട് പി.എസ്.ജി ആരാധകർ ഞെട്ടി.
22ാം മിനിറ്റിൽ ഗസ്റ്റോ നീട്ടിയ പന്ത് ഇടംകാലൻ ഷോട്ടിലൂടെ വലയിലാക്കിയാണ് പാമർ ഗോൾവേട്ട തുടങ്ങിയത്.രണ്ടാം ഗോളും സമാനമായ ഷോട്ടിലൂടെയായിരുന്നു. രണ്ട് ഗോളുകൾ വഴങ്ങിയതോടെ പതറിയ പി.എസ്.ജിയുടെ നെഞ്ചിലേക്ക് പെഡ്രോയും നിറയൊഴിച്ചു. പാമറിന്റെ അസിസ്റ്റിൽ വലയിലേക്ക് കോരിയിട്ടാണ് ചെൽസിയുടെ ലീഡ് 3-0 ആയി ഉയർത്തിയത്. യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ഫൈനൽ കാണാനെത്തിയിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ