ഉറച്ചുനിന്ന് പൊരുതാനുള്ള പോരാട്ടവീര്യവുമായിരുന്നു ഡിയോഗോയെ ലിവർപൂളിൽ വേറിട്ടുനിർത്തിയത്. ഫാക്ടറി തൊഴിലാളിയായ പിതാവ് നൽകിയ എളിയ തുടക്കമായതിനാൽ പണം തേടിവന്നപ്പോഴും അവൻ അഹങ്കാരിയായില്ല
രണ്ടു വർഷം മുമ്പ് 2023 ഏപ്രിലിൽ ആൻഫീൽഡ് കളിമുറ്റത്ത് ചെമ്പടക്കെതിരെ കളി നയിച്ച് ടോട്ടൻഹാം ഹോട്സ്പർ അവസാന മിനിറ്റുകളിൽ അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയ ദിനം. ആദ്യ 15 മിനിറ്റിൽ മൂന്നു ഗോളടിച്ച് എല്ലാം ശുഭമെന്ന് ഉറപ്പാക്കിയ ആതിഥേയരുടെ നെഞ്ചകത്ത് അഗ്നി വർഷിച്ച് ഫൈനൽ വിസിലിന് തൊട്ടുമുമ്പ് റിച്ചാർലിസൺ നേടിയ ഹെഡർ ഗോളിൽ ടോട്ടൻഹാം ഒപ്പമെത്തുന്നു.
കരുത്തരായ എതിരാളികളുടെ മടയിൽചെന്ന് വിലപ്പെട്ട ഒരു പോയന്റ് ഉറപ്പിച്ച ആഘോഷമായിരുന്നു ഏറെനേരം മൈതാനത്ത്. എന്നാൽ, ബാക്കിയുള്ള ഒറ്റ മിനിറ്റ് മതിയായിരുന്നു പകരക്കാരൻ ഡിയോഗോക്ക് കളിയും ചരിത്രവും മാറ്റിമറിക്കാൻ. ഗോളി അലിസൺ ബെക്കർ നീട്ടിനൽകിയ പന്ത് എതിർ ഡിഫെൻഡറുടെ കാലിൽ തട്ടി വഴിതെറ്റിയെത്തിയത് താരത്തിന്റെ കാലുകളിൽ.
വലയം ചെയ്ത് കൂടെ ഓടിയ പ്രതിരോധക്കോട്ടയുടെ കെട്ടുപൊട്ടിച്ച് ജോട്ട പായിച്ച മനോഹര ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി വലക്കണ്ണികളിൽ മുത്തമിട്ടു. ജയത്തോളം പോന്ന സമനിലയുടെ ആവേശവുമായി നിന്ന എതിരാളികൾക്ക് ആൻഫീൽഡിൽ പതിവുപോലെ തോൽവി മിച്ചം. ഡിയോഗോ ജോട്ടയെന്ന സോക്കർ മാന്ത്രികന്റെ ബൂട്ടുകളിൽനിന്ന് ഒരിക്കൽ മാത്രം സംഭവിച്ച അത്ഭുതമായിരുന്നില്ല ഇത്.
അരങ്ങേറ്റത്തിൽ പകരക്കാരനായിറങ്ങി എട്ടാം മിനിറ്റിൽ വല കുലുക്കി നാന്ദി കുറിച്ചതാണ് ലിവർപൂളിൽ ഡിയോഗോയുടെ വീരകഥകൾ. അന്ന് സാദിയോ മാനേയെന്ന സൂപ്പർ സ്ട്രൈക്കറുടെ റോൾ ഏറ്റെടുത്താണ് ചെമ്പടക്കൊപ്പം കളിയും സ്കോറിങ്ങും തുടങ്ങിയതെങ്കിൽ പിന്നീട് താരം തന്നെയായിരുന്നു പലപ്പോഴും ടീമിന്റെ ഹീറോ. 2022ലെ ലീഗ് കപ്പ് സെമിയിൽ ഗണ്ണേഴ്സിനെ മുട്ടുകുത്തിച്ച് വെംബ്ലിയിൽ കലാശപ്പോരിലേക്കും തൊട്ടുപിറകെ കിരീടത്തിലേക്കും കൈപിടിച്ചതു മുതൽ എണ്ണമറ്റ മുഹൂർത്തങ്ങൾ.
2022 ഒക്ടോബറിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അവസാന മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ കളി ആരാധകർ എന്നും ഓർക്കും. ഒറ്റ ഗോളോ അസിസ്റ്റോ ഇല്ലാതിരുന്നിട്ടും 100 മിനിറ്റ് നേരം നിറഞ്ഞുനിന്ന ഡിയോഗോയായിരുന്നു കളിയിലെ യഥാർഥ ഹീറോ. ഒടുവിൽ പരിക്കുമായി തളർന്നുവീണ താരത്തിന് 2022ലെ ലോകകപ്പിൽ പോർചുഗൽ ജഴ്സിയിൽ കളിക്കാനായില്ല. പൊരുതി നിൽക്കാനുള്ള വീര്യം അവനെ ഒരുപടി മുന്നിൽ നിർത്തി. അവൻ നയിച്ചപ്പോൾ മുന്നേറ്റനിര കൂടുതൽ കരുത്തു കാട്ടി. ഗോൾനീക്കങ്ങൾക്ക് അപൂർവ ചാരുതയും ചടുലതയും വന്നു.
വിങ്ങുകൾ പുതിയ ഊർജം സ്വീകരിച്ച് നിറഞ്ഞോടി. ഗോൾ ആഘോഷങ്ങൾ പതിവു കാഴ്ചയായി. ഓരോ കളിയും പിന്നിടുമ്പോൾ ഡിയോഗോയില്ലാത്ത ലിവർപൂൾ എന്നത് കൂടുതൽ വിദൂര സാധ്യതയായി. എന്നിട്ടും പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹര മുഹൂർത്തമായ വിവാഹം കഴിഞ്ഞ് 11 നാൾ അർധരാത്രി നേരത്ത് ദുരന്തം അവനെയും കൂടെ സഹോദരനെയും കൂട്ടിക്കൊണ്ടുപോയി, തിരിച്ചുവരവില്ലാത്ത ലോകത്തേക്ക്. സഹോദരനൊപ്പം സഞ്ചരിക്കവെ കാറിന്റെ ടയർ പൊട്ടിത്തെറിച്ച് അവരെ അഗ്നിവിഴുങ്ങുകയായിരുന്നു.
ഏറെ കാലമായി കൂട്ടുകാരിയായ റൂട്ട് കാർഡോസോയുമായി മംഗല്യം മാത്രമായിരുന്നില്ല ഡിയോഗോയുടെ സന്തോഷം. ഈ വർഷം തന്റെ ടീം പ്രിമിയർ ലീഗ് കിരീടം തിരിച്ചുപിടിച്ചിരുന്നു. നേഷൻസ് ലീഗിൽ ദേശീയ ടീമായ പോർചുഗലും കപ്പുയർത്തി. ഭാര്യയും മൂന്ന് മക്കളും പിന്നെ ഫുട്ബാളുമായി ജീവിതം സമ്പൂർണമെന്ന് ഉറപ്പിച്ച നാളുകൾ.
12 വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനൊടുവിലായിരുന്നു റൂട്ടും ജോട്ടയും ഔദ്യോഗികമായി വിവാഹിതരാകാൻ തീരുമാനിച്ചത്. ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ച് ‘‘ഇത് എക്കാലത്തേക്കുമാണ്’’ എന്ന് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിൽ അവൻ കുറിച്ചത്. കുടുംബത്തെയും ജീവിതത്തെയും അത്രമേൽ പ്രണയിച്ച അവൻ പക്ഷേ, 28ാം വയസ്സിൽ ജീവിതത്തിന് തിരശ്ശീലയിട്ടു.
ഉറച്ചുനിന്ന് പൊരുതാനുള്ള പോരാട്ടവീര്യവുമായിരുന്നു ഡിയോഗോയെ ലിവർപൂളിൽ വേറിട്ടുനിർത്തിയത്. ഫാക്ടറി തൊഴിലാളിയായ പിതാവ് നൽകിയ എളിയ തുടക്കമായതിനാൽ പണം തേടിവന്നപ്പോഴും അവൻ അഹങ്കാരിയായില്ല. കുട്ടിക്കാലം തൊട്ടേ കുഞ്ഞിളം കാലുകളെ ആവേശിച്ച ഫുട്ബാളിനോട് മാത്രമായിരുന്നില്ല ഡിയോഗോക്ക് കമ്പം.

സ്നൂക്കറിൽ കൈവെച്ച അവൻ ലോക സ്നൂക്കർ ചാമ്പ്യൻഷിപ്പിൽ ഭാഗ്യം പരീക്ഷിച്ചു. കുതിരയോട്ടമായിരുന്നു അഭിനിവേശങ്ങളിൽ മറ്റൊന്ന്. ഓൺലൈൻ ഗെയിമുകളായിരുന്നു വേറൊരു ഇഷ്ടം. രാത്രിയിൽ കളി കഴിഞ്ഞ് ഡ്രസിങ് റൂമിൽ തിരിച്ചെത്തുന്ന ഡിയോഗോ ചില ദിനങ്ങളിൽ പുലരുവോളം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ‘ഫിഫ’, ‘ഫുട്ബാൾ മാനേജർ’ വിഡിയോ ഗെയിമുകൾ കളിച്ചു.
പോർട്ടോയിൽ 1996ലായിരുന്നു ഡിയോഗോ ഹോസെ ടീക്ഷീര ഡ സിൽവയെന്ന ഡിയോഗോ ജോട്ടയുടെ ജനനം. കളിയിൽ നാടും ലോകവുമറിഞ്ഞതോടെ പേരിലെ വാലുകൾ മുറിച്ചുകളഞ്ഞ് ഡിയോഗോ ജോട്ട മാത്രമാക്കി പേര്. പ്രാദേശിക ക്ലബായ ഗോണ്ടമറിലായിരുന്നു പന്തു തട്ടിത്തുടങ്ങിയത്.
16ാം വയസ്സിൽ പാകോസ് ഡി ഫെരേര ക്ലബിലേക്ക് ചേക്കേറി. മൈതാനത്ത് നിറവിസ്മയം തീർത്ത് ഡിയോഗോയുടെ ഓട്ടം അന്നേ ലോകം കൺപാർത്തു. അസാധ്യ ആംഗിളിലും നിമിഷങ്ങളിലും വല കുലുക്കലായിരുന്നു അന്നേ അവന്റെ മികവ്. അതിനിടെ 2015ൽ ആരോഗ്യ പരിശോധനയിൽ ഹൃദയ പ്രശ്നം കണ്ടെത്തിയത് ആധിയുയർത്തി. വലിയ അല്ലലില്ലാതെ രോഗം മറികടന്നു.
പ്രായം 19ലെത്തിയപ്പോൾ സ്പാനിഷ് അതികായരായ അറ്റ്ലറ്റികോ മഡ്രിഡിൽ. എന്നാൽ, ടീമിനൊപ്പം ഒരുവട്ടം പോലും ബൂട്ടുകെട്ടും മുമ്പ് വായ്പാടിസ്ഥാനത്തിൽ ജന്മദേശമായ പോർട്ടോയിലെത്തി. ദുരന്തത്തിൽ കൂടെ മരിച്ച സഹോദരൻ ആന്ദ്രേ സിൽവയും അന്നേരം പോർട്ടോയുടെ കൗമാര ടീമിലുണ്ടായിരുന്നു. 27 കളികളിൽ എട്ടു ഗോളുമായി ടീമിനൊപ്പം തുടർന്ന ഡിയോഗോ ഇംഗ്ലണ്ടിൽ വുൾവ്സിലേക്കാണ് പിന്നീട് കൂടുമാറിയത്.
17 ഗോളടിച്ച് ടീമിന്റെ രക്ഷകനായ താരം വുൾവ്സിന് പ്രിമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിൽ നിർണായകമായി. ലീഗിൽ ഏഴാമതെത്തി യൂറോപ ലീഗ് യോഗ്യത ഉറപ്പാക്കിയ ഡിയോഗോ തുർക്കി ടീമായ ബെസിക്റ്റാസിനെതിരെ പകരക്കാരനായെത്തി 11 മിനിറ്റിൽ ഹാട്രിക് കുറിച്ച് ചരിത്രമേറിയതും ഈ സമയത്ത്. കളി പുതിയ ഉയരങ്ങൾ കീഴടക്കുന്നതിനൊപ്പം റൂട്ടുമായി പ്രണയവും ആകാശം തൊട്ട നാളുകൾ.
2020 സെപ്റ്റംബറിൽ പൊന്നുംവില നൽകി ലിവർപൂൾ ഡിയോഗോയെ സ്വന്തമാക്കി. ‘‘വേഗമുണ്ട് അവന്. സഹതാരങ്ങളുമായി കെമിസ്ട്രിയും അപാരം. പ്രതിരോധിക്കാനും ഒപ്പം കടന്നുകയറാനും മിടുക്കൻ. അവൻ പലതുമാണ്’’ എന്നായിരുന്നു ടീമിലെത്തിക്കുമ്പോൾ കോച്ച് ക്ലോപ്പിന്റെ വാക്കുകൾ. പിന്നീട് ഡിയോഗോ തിരിഞ്ഞുനോക്കിയില്ല, ക്ലബും. ക്ലോപ് കാത്തിരുന്നപ്പോഴൊക്കെ അവൻ ഗോൾ നേടി.
പോർചുഗീസ് ഇതിഹാസം ഫിഗോയെ പോലെയോ അതിലുപരിയോ ആയി ഡിയോഗോ വാഴ്ത്തപ്പെട്ടു. 2021-22 സീസണിൽ 55 കളികളിൽ ഡിയോഗോയുടെ ബൂട്ടുകളിൽനിന്ന് പിറന്നത് 21 ഗോളുകൾ. പരിക്കു വലച്ച നാളുകളിലൊഴികെ എന്നും കോച്ചിന്റെ വിശ്വസ്തനായി ആദ്യ ഇലവനിൽ ഇടംകണ്ട ഡിയോഗോ ഏറ്റവും അവസാനമായി പന്തുതട്ടിയത് പോർചുഗൽ ജഴ്സിയിൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. സീസൺ അവസാനിച്ച് അവധി നാളുകളെത്തിയപ്പോഴാണ് വിവാഹചിന്ത കലശലാകുന്നതും റൂട്ടിനെ ഔദ്യോഗികമായി ജീവിതത്തിലേക്ക് കൂട്ടുന്നതും.
പ്രിമിയർ ലീഗിൽ വുൾവ്സ് ടീമിൽ ബൂട്ടുകെട്ടിയ കാലത്ത് കൂടെക്കൂട്ടിയ റൂബൻ നെവസായിരുന്നു താരങ്ങളിൽ എന്നും അവന്റെ ഇഷ്ട സുഹൃത്ത്. മരണവിവരമെത്തി 48 മണിക്കൂറിനിടെ അൽഹിലാലിനൊപ്പം ലോകക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനുണ്ടായിട്ടും അവസാന യാത്രയാക്കാൻ അമേരിക്കയിൽനിന്ന് നെവസ് പോർചുഗലിലേക്ക് വിമാനം കയറിയതും ഉറ്റവൻ നിത്യനിദ്രയിൽ കിടന്ന പേടകത്തിന്റെ ഒരു വശം പിടിച്ച് മുന്നിൽനിന്നതും ഈ ആത്മബന്ധത്തിന്റെ പുറത്തായിരുന്നു. ഒടുവിൽ ദുരന്തം വന്നുവിളിച്ചപ്പോൾ ആദ്യം പന്തുതട്ടിത്തുടങ്ങിയ ഗോണ്ടമറിൽ തന്നെ ഡിയോഗോക്ക് നിത്യവിശ്രമം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ