പോർചുഗൽ ഫുട്ബാളർ ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കാത്തതിൽ വിമർശനം ശക്തമാകുന്നു. ജന്മനാടായ പോർചുഗലിലെ ഗോണ്ടോമോറിൽ ശനിയാഴ്ചയാണ് ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും സംസ്കാരം നടന്നത്.
കഴിഞ്ഞദിവസം കാറപകടത്തിലാണ് ജോട്ടയും സഹോദരൻ സിൽവയും മരിച്ചത്. ദേശീയ ടീമിൽ കളിക്കുന്ന സഹതാരത്തിന്‍റെ സംസ്കാര ചടങ്ങിൽ ക്രിസ്റ്റ്യാനോ തീർച്ചയായും പങ്കെടുക്കണമായിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ പക്ഷം. സംസ്കാര ചടങ്ങിൽ ക്രിസ്റ്റ്യാനോ പങ്കെടുത്തില്ലെന്ന് ഡെയ്‍ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്തു. വാർത്ത ആരാധകരെ ഞെട്ടിച്ചു. ജോട്ടയുടെ അടുത്ത സുഹൃത്തുക്കളും ലിവർപൂൾ ക്ലബ് താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

മത്സരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ വരാതിരുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ, ജോട്ടയുടെ വിയോഗത്തിൽ താരം സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ അസാന്നിധ്യത്തിൽ പലരും സമൂഹമാധ്യമങ്ങളിൽ നിരാശപങ്കുവെച്ചു. ലിവർപൂൾ നായകൻ വിർജിൽ വാൻഡെക്, കെല്ലെഹർ, പരിശീലകൻ ആർനെ സ്ലോട്ട്, പോർചുഗൽ ടീമിൽ ജോട്ടയുടെ സഹതാരങ്ങളായ ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെല്ലാം ചടങ്ങിനെത്തി. അതേസമയം, ചില ആരാധകർ ക്രിസ്റ്റ്യാനോയെ പിന്തുണച്ചും രംഗത്തെത്തി.

ക്രിസ്റ്റ്യാനോ ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിൽ എല്ലാവരുടെയും ശ്രദ്ധ സൂപ്പർതാരത്തിലായിരിക്കുമെന്നാണ് ഇവർ വാദിക്കുന്നത്. അതിനിടെ, തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കാൻ ജന്മനാട്ടിലും ലിവർപൂൾ ക്ലബ് ആസ്ഥാനത്തും നിരവധി ആരാധകരാണ് ഒഴുകിയെത്തിയത്. സ്റ്റേഡിയത്തിനു പുറത്ത് ജോട്ടക്ക് ആദരാഞ്ജലിയർപ്പിച്ചുള്ള പൂച്ചെണ്ടുകളും ജഴ്സികളും നിറഞ്ഞു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ