ഡയമണ്ട് ഹാർബർ എഫ്.സിയിലെ മലയാളി താരങ്ങളായ ജോബി ജസ്റ്റിൻ, ഗനി അഹമ്മദ് നിഗം, മുഹമ്മദ് റാഷിദ്, സുനിൽ ബെഞ്ചമിൻ, അശ്വിൻകുമാർ എന്നിവർ ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടവുമായി
മഞ്ചേരി (മലപ്പുറം): ഐ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരായ ഡയമണ്ട് ഹാർബർ എഫ്.സിയെ കിരീടത്തിലേക്ക് നയിച്ചത് മലയാളിക്കരുത്ത്. കേരളത്തിലെ അഞ്ച് മിന്നും താരങ്ങളാണ് ഡി.എച്ച്.എഫ്.സിക്കായി ബൂട്ടുകെട്ടിയത്. 16 മത്സരങ്ങളിൽ 11 ജയവും അഞ്ച് സമനിലയുമായി 38 പോയന്റുമായായിരുന്നു കിരീടനേട്ടം. ലീഗിൽ ഒരു മത്സരത്തിലും പരാജയമറിയാതെയാണ് ബംഗാൾ സംഘമായ ഡയമണ്ട് എഫ്.സി കിരീടം ചൂടി ഒന്നാം ഡിവിഷനിലേക്ക് മുന്നേറിയത്.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി ജോബി ജസ്റ്റിൻ, കോഴിക്കോട് നാദാപുരം സ്വദേശി ഗനി അഹമ്മദ് നിഗം, വയനാട് കൽപറ്റ സ്വദേശി മുഹമ്മദ് റാഷിദ്, തിരുവനന്തപുരം അടിമലത്തുറ സ്വദേശി സുനിൽ ബെഞ്ചമിൻ, കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി ടി.കെ. അശ്വിൻകുമാർ എന്നിവർ ടീമിലുണ്ടായിരുന്നു.
വെട്ടുകാട് ബീച്ചിൽനിന്നും പന്തുതട്ടി തുടങ്ങിയ ജോബി ഇന്ത്യൻ ടീമിലും വിവിധ ഐ.എസ്.എൽ സംഘടനകളിലും അംഗമായിരുന്നു. ഈസ്റ്റ് ബംഗാൾ എഫ്.സി, എ.ടി.കെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്.സി ടീമുകൾക്കായി ആറു വർഷത്തോളം ബൂട്ടണിഞ്ഞു. എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ ചാമ്പ്യന്മാരായപ്പോഴും, റണ്ണേഴ്സായപ്പോഴുമെല്ലാം ജോബി ടീമിലുണ്ടായിരുന്നു.
ജോലി ആവശ്യാർഥം കൊൽക്കത്തയിൽ തുടരേണ്ടി വന്നപ്പോഴാണ് ഡയമണ്ട് ഹാർബർ എഫ്.സിയിലേക്ക് എത്തിയത്. ഈ വർഷം ടീമിനെയും കിരീടത്തിലേക്ക് നയിക്കാനും ഈ മലയാളി താരത്തിനായി. ഇതിനിടയിൽ ഗോകുലം കേരള എഫ്.സിക്കായും ബൂട്ട് കെട്ടിയിരുന്നു. വെട്ടുകാട് ജസ്റ്റിൻ – റോസമ്മ ജസ്റ്റിൻ ദമ്പതികളുടെ മകനാണ് ജോബി.
പ്രഥമ സൂപ്പർ ലീഗ് കേരളയിൽ (എസ്.എൽ.കെ) കിരീടം നേടിയ കാലിക്കറ്റ് എഫ്.സിക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ഗനി മാർച്ചിലാണ് ടീമിനൊപ്പം ചേർന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലും കേരളത്തെ റണ്ണേഴ്സാക്കുന്നതിലും താരത്തിന്റെ പങ്ക് വലുതായിരുന്നു. നാല് ഗോളും മൂന്ന് അസിസ്റ്റുമായി സൂപ്പർ ലീഗിൽ കാലിക്കറ്റിന്റെ കുന്തമുനയായിരുന്നു ഈ മുന്നേറ്റ താരം. ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനായി പന്തുതട്ടി. വടക്കേപുതിയറക്കൽ വീട്ടിൽ ഫൈസൽ -ഹുസ്നുൽ ജമാൽ ദമ്പതികളുടെ മകനാണ്.
ആർമിയിൽ ജോലി ചെയ്യുന്ന സുനിൽ സർവിസസിനായി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സൗദിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ സർവിസസിനായി വെങ്കലം നേടി. ദേശീയ ഗെയിംസിലും വെങ്കലം നേടി ടീം കരുത്ത് കാട്ടി. ഐ ലീഗിൽ ട്രാവു എഫ്.സിക്കായും പന്ത് തട്ടി. ഡ്യൂറന്റ് കപ്പിലും ടീമിനായി കരുത്ത് കാട്ടി. ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. സിന്ധു ഭവനിൽ ബെഞ്ചമിൻ – ഗ്രേസി ദമ്പതികളുടെ മകനാണ്.
ആറു വർഷം ഗോകുലത്തിനു വേണ്ടി കളിച്ച പരിചയ സമ്പത്തുമായാണ് റാഷിദ് ടീമിലെത്തിയത്. മലപ്പുറത്ത് നടന്ന സന്തോഷ് ട്രോഫി 75ാം പതിപ്പിൽ ഏഴാം കിരീടത്തിൽ മുത്തമിട്ട കേരള ടീമിലും അംഗമായിരുന്നു ഈ മധ്യനിര താരം. രണ്ടു വർഷം മുമ്പ് ഡയമണ്ട് ഹാർബർ എഫ്.സിയിലേക്കെത്തി.
ഇരുപത്തിമൂന്നുകാരനായ അശ്വിൻകുമാർ മൂന്നു വർഷം കണ്ണൂർ യൂനിവേഴ്സിസിറ്റിക്കായി പന്തുതട്ടി. കേരള പ്രീമിയർ ലീഗിൽ കെ.എസ്.ഇ.ബിക്ക് വേണ്ടിയും ജഴ്സിയണിഞ്ഞു. മികച്ച പ്രകടനം പുറത്തെടുത്തതോടെ സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സിന്റെ ടീമിലും ഈ പ്രതിരോധ താരം ഉണ്ടായിരുന്നു. തുടർന്നാണ് ഡയമണ്ട് ഹാർബർ എഫ്.സിയിലേക്ക് ചേക്കേറിയത്. തെക്കേകൊവ്വലിൽ വീട്ടിൽ കെ. സുനിൽ കുമാർ – സജിനി ദമ്പതികളുടെ മകനാണ് അശ്വിൻ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ