representation image
ഇന്ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അർധരാത്രി 12.30ന് ഇംഗ്ലീഷ് ക്ലബായ ചെൽസിയും ഫ്രഞ്ച് ക്ലബായ പിഎസ്ജിയും തമ്മിലാണ് ഫൈനൽ മൽസരം നടക്കുന്നത്. തന്റെ തിരിച്ചുവരവിലെ അമേരിക്കയുടെ സുവർണ കാലഘട്ടത്തിന്റെ ഭാഗമായാണ്
ലോകക്ലബ് ഫുട്ബാളിനെയും 2026 ലോകകപ്പ് ഫുട്ബാളിനെയും 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്സിനെയും കാണുന്നതെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലെ പതിവ് സന്ദർശകനായ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയുമായുള്ള കോടീശ്വരനായ റിപ്പബ്ലിക്കൻപാർട്ടി നേതാവിന്റെ അടുത്ത സൗഹൃദം ഫുട്ബാളിനെ ഒരുരാഷ്ട്രീയ ആയുധമാക്കാനുള്ള വഴികൂടി തെളിയുകയാണ്.
ശനിയാഴ്ച ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഫിഫയുടെ പുതിയ ഓഫിസ് ട്രംപ് ടവറിലാണെന്നും ഇൻഫന്റിനോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന്റെ 19 വയസ്സുകാരനായ മകൻ ബാരൺ ഫുട്ബാൾ ആരാധകനാണെന്നും അതുകൊണ്ടുതന്നെ താനും ഫുട്ബാളിനെ സ്നേഹിക്കുന്നെന്നും ട്രംപും വെളിപ്പെടുത്തി. 2026 ലോകകപ്പിന് മുന്നോടിയായുള്ള മത്സരമായി വേണം ലോകക്ലബ് ഫുട്ബാൾ ഫൈനലിനെ കാണാനെന്നും ഇരുവരും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽവെച്ച് അഭിപ്രായപ്പെട്ടു.
ട്രംപിന്റെ നയത്തിന്റെ ഭാഗമായ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികൾ, ഫുട്ബാൾ ആരാധകർ അമേരിക്കയിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്തുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
2026 ലോകകപ്പിന് ആരാധകരെ സ്വാഗതം ചെയ്യുന്നുവെങ്കിലും സമയം കഴിയുമ്പോൾ അവർ അമേരിക്കയിൽ നിന്ന് സ്ഥലം വിട്ടോളണം എന്നാണ് ട്രംപിയൻ മറുപടി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ