ന്യൂയോർക്ക്: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ബ്രസീൽ ക്ലബ് ഫ്ലുമിനൻസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ചെൽസി ഫൈനലിലെത്തിയത്. പുതുമുഖ താരം ബ്രസീലിന്‍റെ ജാവോ പെഡ്രോയാണ് രണ്ടു ഗോളുകളും നേടിയത്.
ആരും കൊതിക്കുന്ന തുടക്കമാണ് പുതിയ ക്ലബിൽ പെഡ്രോയുടേത്. രണ്ടാഴ്ച മുമ്പാണ് താരം ചെൽസിയിലെത്തിയത്. ഫ്ലുമിനൻസിനെതിരെ നീലക്കുപ്പായത്തിൽ രണ്ടാമത്തെ മത്സരവും. മുൻ വാറ്റ്ഫോർഡ് സ്ട്രൈക്കർ 81.5 മില്യൺ ഡോളറിന്‍റെ കരാറിലാണ് ചെൽസിയിലെത്തുന്നത്. രണ്ടു പകുതികളിലായാണ് താരം വലകുലുക്കിയത്. 18ാം മിനിറ്റിൽ ആദ്യ വെടിപ്പൊട്ടിച്ചു. ഇടതുവിങ്ങിൽനിന്നു പെഡ്രോ നെറ്റോ ബോക്സിലേക്ക് നൽകിയ പാസ് തിയാഗോ സിൽവ ക്ലിയർ ചെയ്‌തെങ്കിലും പന്ത് നേരെ വന്നുവീണത് പെഡ്രോയുടെ കാലുകളിൽ.
പന്തുമായി എൽപം മുന്നോട്ടു കയറി പെഡ്രോയെടുത്ത വലങ്കാൽ ഷോട്ട് ഗോൾകീപ്പർ ഫാബിയോയെ കീഴ്പ്പെടുത്തി ഫ്ലുമിനൻസ് വലയിൽ. 56ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് സഹതാരം നൽകിയ പന്ത് സ്വീകരിച്ച് ബോക്സിനുള്ളിലേക്ക് മുന്നേറിയ പെഡ്രോ, രണ്ടു പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് തൊടുത്ത ബുള്ളറ്റ് ഷോട്ട് ബാറിൽ തട്ടി വലയിൽ. തകർപ്പൻ രണ്ടു ഗോളുകൾ നേടിയിട്ടും ഈ ബ്രസീലുകാരൻ ആഘോഷിക്കാൻ നിന്നില്ല, കാരണം അപ്പുറത്ത് തന്‍റെ ബാല്യകാല ക്ലബായിരുന്നു.
അതുകൊണ്ടു തന്നെ താരം മതിമറന്ന് ആഘോഷിക്കാൻ നിന്നില്ല. ഫ്ലുമിനൻസിനൊപ്പമാണ് പെഡ്രോ പ്രഫഷനൽ ഫുട്ബാൾ കരിയർ ആരംഭിക്കുന്നത്. 36 മത്സരങ്ങളിൽ ടീമിനായി കളിക്കാനിറങ്ങി. അവിടുന്നാണ് 2020ൽ ഇംഗ്ലണ്ടിലെ രണ്ടാംനിര ലീഗ് ടീമായ വാറ്റ്ഫോർഡിലെത്തുന്നത്. ‘ചെൽസിക്കായി ആദ്യ ഗോൾ നേടാനായതിൽ വലിയ സന്തോഷമുണ്ട്. പക്ഷേ, ഈ ടൂർണമെന്‍റ് ഫ്ലുമിനൻസിനും വളരെ നിർണായകമായിരുന്നു. ക്ഷമിക്കണം എന്ന് മാത്രമേ പറയാനുള്ളു. എനിക്ക് പ്രഫഷനലായി കളിക്കം. ഞാൻ ചെൽസിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഗോളുകൾ നേടാനാണ് അവർ എനിക്ക് പണം നൽകുന്നത്, ഈ ഗോൾ നേട്ടത്തിൽ സന്തോഷിക്കുന്നു’ -ജാവോ പെഡ്രോ മത്സരശേഷം പ്രതികരിച്ചു.
രണ്ടാം സെമിയിൽ ഇന്ന് അർധരാത്രി യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡും പി.എസ്.ജിയും തമ്മിൽ ഏറ്റുമുട്ടും. ജയിക്കുന്നവരും ചെൽസിയും ഈമാസം 14ന് നടക്കുന്ന കലാശപ്പോരിൽ മാറ്റുരക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ