മാഡ്രിഡ്: കോപ്പ ഡെൽ റേ കലാശപ്പോരിനിടെ ഡഗ്ഔട്ടിലിരുന്ന ചുവപ്പ് കാർഡ് വാങ്ങിയ ശേഷം റഫറിക്കെതിരെ ഐസ് പാക്ക് എറിഞ്ഞ സംഭവത്തിൽ റയൽ മാഡ്രിഡ് താരം അന്റോണിയോ റൂഡിഗർ ക്ഷമാപണം നടത്തി.
തന്റെ പ്രവർത്തി ന്യായീകരിക്കാനാകാത്ത തെറ്റാണെന്നും സംഭവത്തിൽ റഫറിയോടും മറ്റുള്ളവരോടും ക്ഷമ ചോദിക്കുന്നുവെന്നും റൂഡിഗർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ചിര വൈരികളായ ബാഴ്സലോണയും റയലും തമ്മിലുള്ള ഫൈനൽ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
നിശ്ചിത സമയത്ത് 2-2ന് സമനിലയായ മത്സരത്തിൽ 116ാം മിനിറ്റിൽ യൂൾസ് കുൺഡെ നേടിയ ഗോളിലൂടെയാണ് ബാഴ്സ കിരീടം ഉറപ്പിക്കുന്നത്. ഇതിന് ശേഷമാണ് കളത്തിലും പുറത്തും മര്യാദ കൈവിട്ടതിന് മൂന്ന് ചുവപ്പ് കാർഡ് റയൽ താരങ്ങൾ വാങ്ങുന്നത്. മത്സരത്തിൽ നിന്ന് സബ്സ്റ്റ്യൂട്ട് ചെയ്യപ്പെട്ട് ഡഗ്ഔട്ടിലിരുന്ന ആന്റോണിയോ റൂഡിഗർക്കൊപ്പം ലൂക്കാസ് വാസ്ക്വസ്, കളത്തിലുണ്ടായിരുന്ന ജൂഡ് ബെല്ലിങ്ഹാം എന്നിവർക്കാർ റഫറി ചുവപ്പ് കാർഡ് കാണിക്കുന്നത്.
ചുവപ്പ് കാർഡ് ലഭിച്ചതോടെ കൂടുതൽ പ്രകോപിതനായ റൂഡിഗർ താഴെ കിടന്നിരുന്ന ഐസ് പാക്ക് എടുത്ത് റഫറിക്ക് നേരെ എറിയുകയായിരുന്നു.
സഹതാരങ്ങളും കോച്ചും ഏറെ പണിപ്പെട്ടാണ് റൂഡിഗറിനെ പിന്തിരിപ്പിച്ചത്. സംഭവത്തിൽ മത്സര വിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകാനിരിക്കെയാണ് റൂഡിഗറിന്റെ ക്ഷമാപണം എത്തുന്നത്. എങ്കിലും സ്പാനിഷ് ഫുട്ബാൾ അസോസിയേഷൻ നടപടി എടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ച് ദീര്‍ഘ നാളത്തെ വിലക്ക് റൂഡിഗര്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ