ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ തോൽവിയോടെ ഗോകുലം കേരള എഫ്.സി പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ സംഘമായ എഫ്.സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് മലബാറിയൻസ് പരാജയപ്പെട്ടത്. ഗോവക്കായി ഐകർ ഗ്വരട്‌സ്‌ക ഹാട്രിക് നേടി.
ജയത്തോടെ ഇവർ ക്വാർട്ടർ ഫൈനലിലും കടന്നു. 23ാം മിനിറ്റിലെ പെനാൽറ്റിയിൽനിന്നാണ് ഐകർ അക്കൗണ്ട് തുറന്നത്. 35ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലം മികച്ച നീക്കങ്ങളുമായി കളിച്ചെങ്കിലും ഫലം കണ്ടില്ല. 71ാം മിനിറ്റിൽ ഐകർ ഹാട്രിക് പൂർത്തിയാക്കി.
അതേസമയം, ആതിഥേയരായ ഒഡിഷ എഫ്.സിയെ 3-0ത്തിന് തോൽപിച്ച് പഞ്ചാബ് എഫ്.സിയും ക്വാർട്ടർ ഫൈനലിൽ കടന്നു. ഇന്ന് മത്സരങ്ങളില്ല. ബുധനാഴ്ച ബംഗളൂരു എഫ്.സിയെ ഇന്റർ കാശിയും മുംബൈ സിറ്റിയെ ചെന്നൈയിൻ എഫ്.സിയും നേരിടും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ