ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിരീടത്തിൽ ആര് മുത്തമിടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൈയ്യടക്കിയ ശേഷം ക്ലബ്ബ് ലോകകപ്പിന്റെ നെറുകയിലെത്താനാണ് പി.എസ്.ജി മൈതാനത്തേക്കിറങ്ങുന്നത്. ഈസ്റ്റ് റഥർഫോർഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയം ഞായറാഴ്ച ഇന്ത്യൻ സമയം വെളുപ്പാൻകാലത്ത് അതിന് സാക്ഷിയാവുമെന്ന് ഫുട്ബാൾ ആരാധകരേറെയും അടക്കം പറയുമ്പോൾ മറുതലക്കലുള്ളത് ചെൽസിയാണ്. 2012ൽ നീലപ്പട ആദ്യമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായത് ടൂർണമെന്റിലെ ഫേവറിറ്റുകളായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകമായ അലയൻസ് അറീനയിൽ മറിച്ചിട്ടാണെന്നോർക്കണം.
2021ൽ ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടനേട്ടം കരുത്തരിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയും. അതേവർഷം ക്ലബ് ലോകകപ്പും നേടിയ ടീമാണ് ചെൽസി. ഇക്കുറി പി.എസ്.ജിക്ക് മുന്നിൽ ചരിത്രം ആവർത്തിക്കുമെന്നാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗുകാരുടെ അവകാശവാദം.
എന്നാൽ ഇപ്പോൾ മത്സരത്തിന് മുമ്പ് തന്നെ ആര് ജേതാക്കളാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് സൂപ്പർ കമ്പ്യൂട്ടർ. സൂപ്പർ കമ്പ്യൂട്ടറിന്റെ കണക്ക്കൂട്ടലിൽ പി.എസ്.ജി ക്കാണ് മുൻതൂക്കം. 64.4 ശതമാനം ജയ സാധ്യതയും ഫ്രഞ്ച് ക്ലബ്ബിനാണ്. 35.6 ശതമാനം മാത്രമാണ് സൂപ്പർ കമ്പ്യൂട്ടർ ചെൽസിക്ക് വിജയസാധ്യത കാണുന്നത്.
യുവനിരയുമായാണ് എൻറിക്വയും എൻസോ മരെസ്കയും യു.എസിലെത്തിയിരിക്കുന്നത്. ബ്രസീലുകാരനായ പുതിയ സ്ട്രൈക്കർ ജാവോ പെഡ്രോയുടെ ഇരട്ട ഗോളിൽ ഫ്ലുമിനൻസിനെ തോൽപിച്ച് ഫൈനലിൽ കടന്ന ചെൽസിക്ക് ഗ്രൂപ്, നോക്കൗട്ട് മത്സരങ്ങളിൽ കിട്ടിയത് താരതമ്യേന ചെറിയ എതിരാളികളെയാണ്. മിഡ്ഫീൽഡാണ് ഇവരുടെ ശക്തി. അർജന്റീനക്കാരൻ എൻസോ ഫെർണാണ്ടസും എക്വഡോർ താരം മൊയ്സെസ് കായ്സെഡോയും വാഴുന്ന മധ്യനിരയാവും പി.എസ്.ജിക്ക് തലവേദനയുണ്ടാക്കുക. കായ്സെഡോയുടെ ഫിറ്റ്നസ് പക്ഷേ ആശങ്കയിലാണ്
അപ്പുറത്ത് ഒന്നിനൊന്ന് കേമമാണ് പാരിസുകാർ. ആക്രമണോത്സുകത കാണിക്കുന്ന ഡിഫൻഡർമാർമുതൽ മധ്യനിരയും മുന്നേറ്റവുമെല്ലാം. ഗോളടിവീരന്മാരായ ഉസ്മാൻ ഡെബലിനെയും ഫാബിയൻ റൂയിസിനെയും പിടിച്ചുകെട്ടു ക്രോസ് ബാറിന് കീഴെ ഡോണറുമ്മയുടെ ചോരാത്ത കൈകളും ചേർന്നാൽ ലോകകിരീടം ഫ്രാൻസിലേക്ക് പറക്കും. ടൂർണമെന്റിൽ പി.എസ്.ജി ആകെ നേടിയത് 16 ഗോളാണ്. വഴങ്ങിയത് ഒരെണ്ണം മാത്രം, അതും ഗ്രൂപ് റൗണ്ടിൽ. നോക്കൗട്ടിലെ മൂന്ന് മത്സരങ്ങളിലായി 10 ഗോളടിച്ചപ്പോൾ തിരിച്ചൊരെണ്ണം പോലുമുണ്ടായില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ