ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്‍റെ പഴയ തട്ടകമായ ബാഴ്സലോണക്കായി ഒരിക്കൽ കൂടി കളിക്കുമെന്ന് റിപ്പോർട്ടുകൾ. കാറ്റലോണിയൻ ക്ലബ്ബിന്‍റെ ഹോം ഗ്രൗണ്ടായ ക്യാംപ്നൗവിൽ വിടവാങ്ങല്‍ മത്സരം ഒരുക്കാനാണ് ബാഴ്‌സലോണ തയ്യാറാകുന്നത്. താരത്തിന്റെ കുടുംബവുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് പിന്നാലെ ഈ മത്സരത്തിന് തീയ്യതി നിശ്ചയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതുക്കിപ്പണിഞ്ഞ ക്യാംപ്നൗ സ്റ്റേഡിയത്തില്‍, നിറഞ്ഞ കാണികൾക്ക് മുന്നിലായിരിക്കും മെസിയുടെ അവസാന മത്സരമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2026-27 സീസണിൽ പുതിയ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന മത്സരത്തിലായിരിക്കും മെസിയുടെ വിടവാങ്ങല്‍ മത്സരമെന്ന് കാറ്റലൂണിയ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് മഹാമാരിയുടെ സമയത്തായിരുന്നു മെസി തന്‍റെ ബാല്യകാല ക്ലബ്ബായ ബാഴ്‌സയുമായി വിടപറഞ്ഞത്. കൊവിഡ് നിയന്ത്രങ്ങളുണ്ടായതിനാൽ മെസ്സിക്ക് യാത്രയയപ്പോ വിടവാങ്ങൽ മത്സരമോ നൽകാൻ ബാഴ്സക്ക് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് കരിയറിന്‍റെ അവസാനത്തിൽ ബാഴ്സ ആരാധകരുടെ സ്വപ്നതുല്യമായ ഒരു വിടവാങ്ങലിന് മെസ്സിയെത്തുന്നത്.
2021ലാണ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് മെസി ബാഴ്‌സലോണ വിട്ടത്. നീണ്ട 17 സീസണുകളിൽ ബാഴ്‌സക്കായി ബൂട്ടുകെട്ടിയ താരം 778 മത്സരങ്ങളില്‍ നിന്നായി 672 ഗോളും 303 അസിസ്റ്റും സ്വന്തമാക്കി. ലീഗ് കിരീടങ്ങളും സൂപ്പര്‍ കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ക്ലബ്ബ് വേള്‍ഡ് കപ്പുമായി 35 കിരീടങ്ങളും മെസി ടീമിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ എം.എല്‍.എസ് ടീമായ ഇന്റര്‍ മയാമിക്കൊപ്പമാണ് താരം കളിക്കുന്നത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ