കോളജ് സ്പോർട്സ് ലീഗിന് ഇന്ന് തുടക്കം
കോഴിക്കോട്: സംസ്ഥാന കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന കോളജ് സ്പോർട്സ് ലീഗ് വ്യാഴാഴ്ച കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടക്കും. കാമ്പസുകളെ ലഹരിമുക്തമാക്കാനുള്ള ‘കിക് ഡ്രഗ്സ് കാമ്പയിനി’ന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ പ്രഫഷനൽ ലീഗ് മാതൃകയിൽ കോളജുതല കായിക മത്സരങ്ങൾ നടക്കുന്നതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച 18 കോളജുകളാണ് ഈ ലീഗ് മത്സരങ്ങളിൽ മാറ്റുരക്കുക. 17ന് വൈകീട്ട് നാലിന് രണ്ടു ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങളിൽ ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട് കാലടി സംസ്കൃത സർവകലാശാലയെയും കേരളവർമ കോളജ് തൃശൂർ എം.എ കോളജ് കോതമംഗലത്തെയും ആദ്യ ലീഗ് മത്സരങ്ങളിൽ നേരിടും.
തുടർന്ന് എല്ലാ ദിവസങ്ങളിലും രാവിലെ ഏഴു മുതൽ ഒമ്പതുവരെയും രണ്ടു മുതൽ നാലുവരെയും സർവകലാശാല സ്റ്റേഡിയത്തിൽ തുടർച്ചയായി മത്സരങ്ങൾ ഉണ്ടാകും. 18ന് വൈകീട്ട് അഞ്ചിന് കായിക മന്ത്രി വി. അബ്ദുറഹിമാൻ സി.എസ്.എൽ മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. കെ അജയകുമാർ, മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുധീർകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ