കേരളത്തിൽ കളിക്കാൻ ചർച്ചകൾ തുടരുന്നു; അടുത്ത ലോകകപ്പിനു മുമ്പ് എത്തുമെന്നും അർജന്‍റീന
ദുബൈ: കേരളത്തിൽ കളിക്കാനുള്ള മന്ത്രിതല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ഫുട്ബാൾ ലോകകപ്പിന് മുമ്പ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അർജന്‍റീന ആരാധകർ ഏറെ ഉണ്ടെന്ന് എന്നുള്ളത് അഭിമാനകരമാണ്. അവരുടെ മുന്നിൽ കളിക്കണമെന്നുള്ളത് സന്തോഷകരമാണ്. അടുത്ത് ലോകകപ്പ് കളിക്കാൻ ലയണൽ മെസ്സി ശാരീരികമായി ഫിറ്റ് ആണ് എന്നും ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.
റീജനൽ സ്പോൺസർഷിപ്പ് കരാറിലാണ് ലുലു ഗ്രൂപ്പിന്‍റെ ഭാഗമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും അർജന്‍റീന ഫുട്ബാൾ അസോസിയേഷനും തമ്മിൽ ഇന്ത്യയിലേയും മിഡിൽ ഈസ്റ്റിലേയും സ്പോൺസർഷിപ്പ് കരാറിർ ഒപ്പിട്ടത്. സ്റ്റോറുകളിലെ ആക്ടിവിറ്റികൾ, കോ ബ്രാൻഡ് കാമ്പയിൻ, ആരാധകരുടെ പരിപാടികൾ, ടീമിനെ ആരാധക പരിപാടികളുടെ ഭാഗമാക്കൽ എന്നിവയെല്ലാം കരാറിന്‍റെ ഭാഗമായി നടപ്പാക്കും.
2017 മുതലാണ് ആഗോളതലത്തിൽ പാർട്ണർഷിപ്പ് വ്യാപിപ്പിക്കാൻ അർജന്‍റീന ഫുട്ബാൾ അസോസിയേഷൻ തീരുമാനിച്ചത്. 60ഓളം കമ്പനികളുമായി അർജന്‍റീന അസോസിയേഷൻ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും കൂടുതൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ കമ്പനികളുമായി കരാറിൽ ഒപ്പിടുന്നത്.
വൻകിട ബ്രാൻഡുകളുമായി കരാറിൽ ഒപ്പിടുന്നത് വഴി സ്വധീനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇതുപോലെ നിരവധി ബ്രാൻഡുകളുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ കൈകോർക്കുമെന്നാണ് റിപ്പോർട്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ