കെ.പി.എൽ; കിരീടത്തിൽ മുത്തമിട്ട് മുത്തുറ്റ് അക്കാദമി
കെ.പി.എൽ ജേതാക്കളായ മുത്തൂറ്റ് അക്കാദമി ടീം കിരീടവുമായി - ബിമൽ തമ്പി
കോഴിക്കോട്: കേരള പ്രീമിയർ ലീഗിൽ ജേതാക്കളായി മുത്തൂറ്റ് ഫുട്ബാൾ അക്കാദമി. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിൽ 2-1ന് കേരള പൊലീസിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ജേതാക്കളായത്. എസ്. ദേവദത്തും കെ.ബി. അഭിത്തും മുത്തൂറ്റിന് സ്കോർ ചെയ്തു.
സീസണിലെ അവസാന റൗണ്ട് മത്സരത്തിൽ 2-1ന് പൊലീസിനോടേറ്റ പരാജയത്തിന് മധുര പ്രതികാരം ചെയ്താണ് കേരള പ്രീമിയർ ലീഗിൽ മുത്തൂറ്റ് ഫുട്ബാൾ അക്കാദമി പുതിയ ചരിത്രം കുറിച്ചത്. 23ാം മിനിറ്റിൽ മുത്തൂറ്റിന്റെ മുന്നേറ്റക്കാരായ ദേവദത്തിന്റെയും അർജുന്റെയും മിന്നൽ കുതിപ്പിന് ഭാഗ്യം ഒപ്പം ചേരാഞ്ഞതിനാൽ വല കുലുക്കാനാകാതെ കോർണർ കിക്ക് മാത്രമായി ചുരുങ്ങി.
44ാം മിനിറ്റിൽ പൊലീസ് ഡിഫൻഡർ സഫ്വാന്റെ മിസ് പാസ് മുത്തൂറ്റിന്റെ ഫോർവേഡ് ദേവദത്ത് പിടിച്ചെടുത്ത് പൊലീസ് ഗോൾകീപ്പർ മുഹമ്മദ് അസ്ഹറിന് തൊടാൻ പോലും അനുവദിക്കാതെ മനോഹരമായി ഗോളാക്കി. 54 ാം മിനിറ്റിൽ ഫാരിസിന്റെ പാസ് എടുത്ത പൊലീസിന്റെ സുജിൽ തൊടുത്ത ക്രോസ് ഷോട്ട് മൂത്തൂറ്റ് കീപ്പർ അനസിനെ മറികടന്ന് ഗോളായതോടെ മത്സരം 1-1 സമനിലയിലായി.
64ാം മിനിറ്റിൽ മുത്തൂറ്റിന്റെ മിഡ് ഫീൽഡർ അർജുന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫോർവേഡ് അഭിത്ത് ഗോളാക്കിയതോടെ മുത്തൂറ്റിന് 2-1 ലീഡായി. സീസണിൽ ഏറ്റവും കൂടുതൽ ഗോളെടുത്ത പൊലീസിന്റെ സജീഷിനെ വരിഞ്ഞു കെട്ടിയായിരുന്നു മുത്തൂറ്റിന്റെ ഗെയിം. സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മുത്തൂറ്റ് ഏറ്റവും കുറഞ്ഞ ഗോൾ വഴങ്ങിയ ടീമുമാണ്. 35 ഗോൾ നേടിയ ടീം 11 ഗോളാണ് വഴങ്ങിയത്. രണ്ടു തവണ ഫൈനലിലെത്തിയ കേരള പൊലീസ് രണ്ടു തവണയും റണ്ണേഴ്സാകുകയായിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ