ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പിൽ യുവന്റസിനെ വീഴ്ത്തി റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.
മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ 54ാം മിനിറ്റിൽ സ്ട്രൈക്കർ ഗോൺസാലോ ഗാർസിയാണ് റയലിനെ മുന്നിലെത്തിക്കുന്നത്. ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ അസിസ്റ്റിൽ നിന്നാണ് ഗോളെത്തിയത്.
പരിക്ക് മൂലം ഗ്രൂപ് ഘട്ടത്തിൽ നിന്ന് വിട്ടുനിന്ന റയൽ സൂപ്പർ താരം കിലിയൻ എംബാപ്പെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയിരുന്നു. ഗോളുറച്ച നിരവധി അവസരങ്ങൾ ഇരുടീമിനും കിട്ടിയെങ്കിലും വലചലിപ്പിക്കാനായില്ല.

മറ്റൊരു മത്സരത്തിൽ മെക്സിക്കൻ ക്ലബായ മോണ്ടെറിയെ കീഴടക്കി ബോറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ജയം (2-1).
14, 24ാം മിനിറ്റുകളിൽ സെർഹോ ഗുയ്‌റാസിയാണ് ഡോർട്ട്മുണ്ടിനായി ഇരുഗോളുകളും നേടിയത്. 48ാം മിനിറ്റിൽ ജർമൻ ബെർട്ടെറേമാണ് മോണ്ടെറിക്കായി ഗോൾ നേടിയത്. ക്വാർട്ടറിൽ റയൽ മാഡ്രിഡ് ആയിരിക്കും ഡോർട്ട്മുണ്ടിന്റെ എതിരാളികൾ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ