ജാംഷഡ്പുർ: ഐ.എസ്.എല്ലിൽ തങ്ങളുടെ മൈതാനത്ത് മോഹൻ ബഗാനെതിരെ ഒരു ജയം പോലും നേടാനായില്ലെന്ന ജാംഷഡ്പുർ എഫ്.സിയുടെ പഴങ്കഥ ഇനി ചരിത്രം. ഇഞ്ചോടിഞ്ച് പോരാട്ടംകണ്ട ആദ്യ പാദ സെമിയിൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാനെ ജാംഷഡ്പുർ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി. യാവിയർ സിവേരിയോ, യാവി ഹെർണാണ്ടസ് എന്നിവർ വിജയികൾക്കായി ഗോൾനേടി. ജാസൻ കമ്മിൻസായിരുന്നു ബഗാന്റെ സ്കോറർ. അടുത്ത പാദ മത്സരം ഏപ്രിൽ ഏഴിന് കൊൽക്കത്തയിൽ നടക്കും.
കിക്കോഫ് വിസിലിന് പിന്നാലെ ജാംഷഡ്പുരിന്റെ ആക്രമണമാണ് കണ്ടത്. 18ാം മിനിറ്റിൽ സെറ്റ് പീസിൽനിന്ന് ജാംഷഡ്പുർ ഗോളിനടുത്തെത്തി. മുഹമ്മദ് ഉവൈസിന്റെ ത്രോയിൽ സ്റ്റീഫൻ ഹെസ്സെയുടെ ഹെഡർ പാസിൽ യാവി ഹെർണാണ്ടസ് ടച്ച് ചെയ്യും മുമ്പ് ബഗാൻ ഗോളി വിശാൽ കെയ്ത്ത് പന്ത് പിടിച്ചെടുത്ത് അപകടമൊഴിവാക്കി. കളി ആദ്യ 20 മിനിറ്റ് പിന്നിട്ട ശേഷമാണ് ബഗാന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു ആക്രമണം വരുന്നത്.
24 ാം മിനിറ്റിൽ എതിരാളികളെ ഞെട്ടിച്ച് ജാംഷഡ്പുർ സെറ്റ്പീസിലൂടെ ലീഡെടുത്തു. മുഹമ്മദ് സനാൻ തന്ത്രപൂർവം നേടിയെടുത്ത ത്രോ മുഹമ്മദ് ഉവൈസ് നീട്ടിയെറിഞ്ഞത് കണക്ട് ചെയ്ത സ്റ്ററീഫൻ ഹെസ്സെയുടെ ഹെഡർ പാസ് ഇത്തവണ ഹാവിയർ സിവേരിയോക്ക്. ഒട്ടും പാഴാക്കാതെ പന്ത് തലകൊണ്ട് വലയിലേക്ക് ചെത്തിയിട്ടു (1-0). ഗോൾവീണ ബഗാന്റെ ശൗര്യമായിരുന്നു പിന്നീട് കണ്ടത്. 34 ാം മിനിറ്റിൽ ബഗാന്റെ ആൽബർട്ടോയുടെ ഹെഡർ എതിർപോസ്റ്റിൽതട്ടി മടങ്ങി. 37 ാം മിനിറ്റിൽ സെറ്റ്പീസിലൂടെ തന്നെ സന്ദർശകർ ഗോൾ മടക്കി.
ജാസൺ കമ്മിൻസിനെ വീഴ്ത്തിയതിന് ബോക്സിന് 25 വാര അകലെ നിന്ന് ഫ്രീകിക്ക്. ലിസ്റ്റൺ കൊളാസോയുടെ ഫേക്ക് അറ്റംപ്റ്റിന് പിന്നാലെ ജാസൻ കമ്മിൻസ് തൊടുത്ത കിക്ക് എതിർ മതിലും കടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക് തുളഞ്ഞു കയറി (1-1). രണ്ടാം പകുതിയിൽ ബഗാൻനിരയിൽ നന്നായി കളിച്ച സഹൽ അബ്ദുൽ സമദ് ഫൈനൽ തേഡിൽ മികച്ച അവസരങ്ങളൊരുക്കി. താരതമ്യേന ബഗാനായിരുന്നു കൂടുതൽ ആക്രമണം തീർത്തത്. കളി 70 മിനിറ്റ് പിന്നിട്ടതോടെ ബഗാൻ നിരയിൽ ഗ്രെഗ് സ്റ്റുവർട്ടിന് പകരം ടീമിന്റെ ടോപ് സ്കോറർ ജെയ്മി മക്‍ലാരൻ കളത്തിലെത്തി. അഞ്ചു മിനിറ്റിനുശേഷം സഹലിനെയും ജാസനെയും പിൻവലിച്ച് ആഷിഖ് കുരുണിയനെയും ദിമിത്രിയോസ് പെട്രറ്റോസിനെയും ബഗാൻ പരീക്ഷിച്ചു. ജാംഷഡ്പുർ സനാനെ മാറ്റി ഋത്വിക് ദാസിനെയും ഇറക്കി. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിൽ തിങ്ങിനിറഞ്ഞ ഗാലറിയെ ഇളക്കി മറിച്ച ഗോളെത്തി.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/mbuXKfB