കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് കറ്റാല കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു ഫോട്ടോ : ബൈജു കൊടുവള്ളി
കൊച്ചി: മലയാളികളുടെ സ്വന്തം ഫുട്ബാൾ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ തലവര മാറ്റാനെത്തിയ പുതിയ പരിശീലകനാണ് ഡേവിഡ് കറ്റാല. സ്പാനിഷ് ഫുട്ബാളിന്റെ സൗന്ദര്യവുമായി കൊച്ചിയുടെ മണ്ണിൽ, മഞ്ഞപ്പടയെ കളിതന്ത്രങ്ങൾ പഠിപ്പിക്കാനെത്തിയ അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളികൾ ചില്ലറയല്ല. പുതിയ ചുമതലയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്ന വേളയിൽ തന്റെ പുതിയ കോച്ചിങ് പ്ലാനിനെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നു.
താരങ്ങളുമായുള്ള കൂടിക്കാഴ്ചക്കുശേഷമുള്ള ആദ്യ ഇംപ്രഷൻ എന്താണ്?
കേരള ബ്ലാസ്റ്റേഴ്സ് ടീമുമായുള്ള പരിശീലനം ആരംഭിച്ചുകഴിഞ്ഞു. എല്ലാവരോടും വ്യക്തിപരമായി സംവദിച്ചു. കളിക്കാരെല്ലാം ഊർജസ്വലരും നന്നായി ഉത്സാഹമുള്ളവരുമാണെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. നിലവിലെ സ്ക്വാഡ് മികച്ച ടീം തന്നെയാണ്. എന്നാൽ, ഓരോരുത്തരുടെയും വ്യക്തിപരമായ ശേഷികളും പരിമിതികളും കൂടുതൽ മനസ്സിലാക്കാൻ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് ഇപ്പോൾ പറയാനുള്ളത്. ബ്ലാസ്റ്റേഴ്സ് വളരെ മോശം സമയത്തിലൂടെയാണ് കടന്നുപോവുന്ന സാഹചര്യത്തിൽ പുതിയ ചുമതലയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഉള്ളിൽ ഒരുപാട് ആഗ്രഹങ്ങളും ആശയങ്ങളുമായാണ് ഞാൻ വന്നിട്ടുള്ളത്. ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കുകയെന്നതാണ് ലക്ഷ്യം. ഓരോ കളിക്കാരുടെയും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനുള്ള പരിശ്രമമായിരിക്കും നടത്തുക. വലിയ സാധ്യതകളുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. ഒപ്പം ശക്തമായ ആരാധക അടിത്തറയും ക്ലബിനുണ്ട്.
ഒരു കോംപാക്ട് ടീമിനെ സജ്ജമാക്കാനായിരിക്കും ഞാന്‍ ശ്രമിക്കുന്നത്. അറ്റാക്കിങ്ങിനും പ്രതിരോധത്തിനും തികഞ്ഞ സന്തുലിത നല്‍കിക്കൊണ്ട് ഓരോ മാച്ചിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്ന ഒരു ടീമിനെ തയാറാക്കുകയാണ് എന്റെ വഴി. വെല്ലുവിളികളും സാധ്യതകളും ഒരുപോലെയുള്ള അവസരമാണിത്.
ടീമിന്റെ പ്രശ്നങ്ങൾ, വെല്ലുവിളികൾ, ഇതേക്കുറിച്ച് പ്രാഥമിക വിലയിരുത്തൽ എങ്ങനെയാണ്?
എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു ടീമാണ് മുന്നിലുള്ളത്. അവരുമായി ഇണങ്ങിച്ചേരാൻ കുറച്ചു സമയമെടുക്കും. എല്ലാവരെയും നന്നായി മനസ്സിലാക്കാൻ കൂടുതൽ സമയമെടുക്കും. അവരുടെ പൊസിഷനുകൾ ആവശ്യമെങ്കിൽ മാറ്റിമറിക്കേണ്ടതുണ്ടാകും.
പ്രശ്നങ്ങളൊരുപാടുണ്ട്. അതെല്ലാം ശുദ്ധീകരിച്ചെടുക്കണം. പ്രതിരോധത്തിലുൾപ്പെടെ നന്നാക്കാനുണ്ട്. കളിക്കാരിൽനിന്ന് ഞാനാഗ്രഹിക്കുന്നത് 100 ശതമാനം അർപ്പണബോധമാണ്. ഇത് എന്റെ ടീം ആണെന്ന പൂർണ ബോധ്യവും തോന്നലും ആത്മാർഥതയും ഉണ്ടാവുകയാണ് പ്രധാനം.
സൂപ്പർ കപ്പ് തുടങ്ങാനിരിക്കുകയാണ്. അടുത്ത ഐ.എസ്.എൽ സീസണിനുള്ള ഒരുക്കവും ആരംഭിക്കേണ്ടതുണ്ട്. നിലവിൽ കളിക്കാരുടെ ആരോഗ്യസ്ഥിതി എങ്ങനെ?
എല്ലാവരും ആരോഗ്യവാന്മാരാണ്. നിലവിൽ പരിക്കുകളൊന്നുമില്ല. എല്ലാവരും നന്നായി ഊർജസ്വലതയോടെയാണ് പരിശീലനം നടത്തുന്നത്, നല്ല നിലവാരത്തിലാണ് കളിക്കുന്നത്. സൂപ്പർ കപ്പിലേക്കും അടുത്ത സീസണിലേക്കുമുള്ള പരിശീലനങ്ങൾ കഠിനമാക്കേണ്ടതുണ്ട്. വരുന്ന സീസണില്‍ ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. മുഴുവന്‍ ആരാധകരെയും തൃപ്തരാക്കുന്ന മികച്ച പ്രകടനം ഉറപ്പുനല്‍കാന്‍ ഞങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. അത് സാധ്യമാകുന്ന ഒരു ടീമിനെയാണ് ഞങ്ങള്‍ തയാറാക്കുന്നത്.
കോച്ച് എന്ന നിലക്കുള്ള ഗോൾ എന്താണ്? ഏതുതരം പരിശീലന രീതിയാണ് പിന്തുടരുക?
ടീമിലെ കളിക്കാരെല്ലാം നന്നായി കഴിവുള്ളവരാണ്. അവരുടെ മനോഗതിയിൽ കുറച്ചുകൂടി മാറ്റം വരുത്താനുണ്ട്. അവരെ കൂടുതൽ അതിമോഹമുള്ളവരാക്കേണ്ടതുണ്ട്. സൂപ്പർകപ്പ്, ഐ.എസ്.എൽ ഉൾപ്പെടെ കിരീടങ്ങൾ നേടാനുള്ള നിലയിലേക്ക് അവരെ വളർത്തിയെടുക്കുകയാണ് പ്രധാനം.
കോംപാക്ടായ, കരുത്തരും സുദൃഢരുമായ ഒരു ടീമാക്കി ബ്ലാസ്റ്റേഴ്സിനെ മാറ്റും. കളിയിൽ അറ്റാക്കിങ്ങും പ്രതിരോധവും സന്തുലിത രീതിയിൽ കൈകാര്യം ചെയ്യും. എന്തുതന്നെയായാലും കളി ജയിക്കുകയെന്നതാണ് പ്രധാനം.
കേരള ബ്ലാസ്റ്റേഴ്സ് ആരാധക പിന്തുണക്ക് പേരുകേട്ട ടീമാണ്. ഈ ആരാധക പിന്തുണ കോച്ചെന്ന നിലയിൽ വലിയ സമ്മർദം സൃഷ്ടിക്കുമെന്ന് കരുതുന്നുണ്ടോ?
ഞാനെപ്പോഴും പ്രഫഷനലായ സമീപനമാണ് സ്വീകരിക്കുന്നത്. അതിനാൽതന്നെ സമ്മർദം കൈകാര്യം ചെയ്തേ പറ്റൂ. ആരാധകർ കൂടുമ്പോൾ സ്വാഭാവികമായും സമ്മർദം കൂടും.
എന്നാൽ, അത് എന്നെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും. ടീമിനെ ഓരോ ദിവസവും കൂടുതൽ നന്നാക്കാനായി ഞാൻ ഓരോ ദിവസവും കൂടുതൽ നന്നായിരിക്കേണ്ടതുണ്ട്.
നിലവിൽ ആരാധകരെല്ലാം കടുത്ത നിരാശയിലും അതൃപ്തിയിലുമാണുള്ളത്. അവരോട് എന്താണ് പറയാനുള്ളത്?
ആരാധകരെ സന്തോഷിപ്പിക്കുകയും അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് നിൽക്കുകയുമാണ് ഓരോ ടീമിന്റെയും സ്വപ്നം. ആരാധകർക്കുവേണ്ടി പരമാവധി ചെയ്യുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
ആരാധകരുടെ കാര്യത്തിലും ടീമിനെപ്പോലെതന്നെ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. അവർ കൂട്ടത്തോടെ കളി കാണാൻ വരുമ്പോൾ സന്തോഷത്തോടെ മടങ്ങാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.�
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/a8nvWDc