കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിൽ ബെംഗളൂരു എഫ്.സിയെ കീഴടക്കി കിരീടം സ്വന്തമാക്കി മോഹൻ ബഗാൻ. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ 96-ാം മിനിറ്റിൽ മക്ലാരൻ നേടിയ ഗോളിലൂടെയാണ് ബഗാൻ കിരീടം നേടിയത്. ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐ.എസ്.എൽ കപ്പും മോഹൻ ബഗാൻ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐ.എസ്.എൽ കപ്പും ഒരുമിച്ച് ഒരു ടീം നേടുന്നത്. മുമ്പ് എ.ടി.കെ മോഹൻബഗാൻ എന്ന പേരിൽ കപ്പടിച്ച കൊൽക്കത്ത ടീമിനിത് രണ്ടാം കിരീടമാണ്.
സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ തുടക്കംമുതൽ കൊല്‍ക്കത്ത ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍ ബംഗളൂരുവിന്‍റെ പ്രതിരോധക്കോട്ട മറികടക്കാനായില്ല. ബഗാന്റെ പോസ്റ്റിലേക്ക് ബെംഗളൂരുവും മുന്നേറ്റങ്ങള്‍ നടത്തി. 20-ാം മിനിറ്റില്‍ ലഭിച്ച അവസരം ബംഗളൂരുവിന് മുതലാക്കാനായില്ല. പിന്നാലെ പന്തടക്കത്തിലും ബംഗളൂരു മുന്നിലെത്തി. പ്രതിരോധം ശക്തമാക്കിയ ബഗാന്‍ ഗോള്‍ശ്രമങ്ങള്‍ വിഫലമാക്കിയതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാംപകുതിയിൽ ഗോൾ ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. ആക്രമണങ്ങൾക്ക് മൂർച്ചകൂടിയതോടെ കളിമാറി. 49-ാം മിനിറ്റില്‍ ബഗാനെ ഞെട്ടിച്ച് ബംഗളൂരു ലീഡെടുത്തു. ക്രോസ്സ് തടയാന്‍ ശ്രമിച്ച ബഗാന്‍ പ്രതിരോധതാരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന് പിഴച്ചു. പന്ത് ബഗാന്‍ ഗോളി വിശാല്‍ കെയ്ത്തിനെയും മറികടന്ന് വലയിലെത്തി. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജേസണ്‍ കമ്മിങ്‌സ് പിഴയ്ക്കാതെ വലയിലെത്തിച്ചു. അതോടെ സ്‌കോര്‍ സമനിലയിലായി.
അവസാനനിമിഷം ബഗാൻ നടത്തിയ മുന്നേറ്റങ്ങൾ ബംഗളൂരു പ്രതിരോധിച്ചതോടെ കളി എക്സ്ട്രാടൈമിലേക്ക് നീണ്ടു. എക്സ്ട്രാം ആരംഭിച്ച് ആറാം മിനിറ്റിൽ മോഹൻ ബഗാൻ മുന്നിലെത്തി. പെനാൽറ്റി ബോക്സിനുള്ളിൽനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ജെയ്മി മക്ലാരൻ ബംഗളൂരു വലകുലുക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ബംഗളൂരുവിനായില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ