ഇരട്ട ഗോളുമായി വീണ്ടും മെസ്സി; ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം
ഇരട്ട ഗോളുമായി ഇതിഹാസതാരം ലയണൽ മെസ്സി തിളങ്ങിയ മത്സരത്തിൽ ന്യൂയോർക്ക് റെഡ്ബുള്ളിനെതിരെ ഇന്റർമയാമിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർമയാമി ജയിച്ച് കയറിയത്. കഴിഞ്ഞ മത്സരത്തിൽ സിൻസിനാറ്റിയോട് 0-3ന് തോറ്റതിന് പിന്നാലെ ശക്തമായ തിരിച്ചുവരവാണ് മയാമി നടത്തിയിരിക്കുന്നത്.
തിരിച്ചുവരവിലും മെസ്സിയുടെ കാലുകൾ തന്നെയാണ് ഇന്റർമയാമിക്ക് കരുത്ത് പകർന്നത്. മത്സരത്തിൽ ആദ്യം ലീഡെടുത്ത് റെഡ്ബുൾസായിരുന്നു. ഹാക്കിന്റെ ഗോളിലൂടെയായിരുന്നു മുന്നേറ്റം. എന്നാൽ, പിന്നീടങ്ങോട്ട് ഇന്റർ മയാമിയുടെ സമ്പൂർണ്ണ ആധിപത്യമാണ് മൈതാനത്ത് കണ്ടെത്ത്.
ജോർഡി അൽബ 24ാം മിനിറ്റിൽ ഇന്റർ മയാമിക്കായി ഗോൾ നേടി. മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഗോൾ വന്നത്. പിന്നാലെ ആൽബയും മെസിയും ചേർന്ന് നടത്തിയ നീക്കത്തിൽ സെഗോവിയ ഒരു ഗോൾ കൂടി നേടി. രണ്ടാം പകുതി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും വലകുലുക്കി സെഗോവിയ മയാമിക്ക് മൂന്നാം ഗോളും സമ്മാനിച്ചു.
രണ്ടാം പകുതിയിൽ നിറഞ്ഞാടുന്ന മെസ്സിയെയാണ് മൈതാനത്ത് കണ്ടത്. സെർജിയോ ബുസ്കെറ്റ്സ് നൽകിയ പാസിൽ നിന്നായിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. 75ാം മിനിറ്റിൽ സുവാരസ് നൽകിയ പാസിൽ നിന്നും മെസ്സി രണ്ടാം ഗോളും നേടി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ