നോർത് കരോലിന: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ഇന്റർ മിലാനെ അട്ടിമറിച്ച് ഫ്ലുമിനൻസ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീലിയൻ ക്ലബിന്‍റെ ജയം.
ജെർമൻ കാനോ, ഹെർകുലീസ് എന്നിവരാണ് ഫ്ലുമിനൻസിനായി വലകുലുക്കിയത്. ക്വാർട്ടറിൽ സൗദി ക്ലബ് അൽ ഹിലാലാണ് ബ്രസീൽ ക്ലബിന്‍റെ എതിരാളികൾ. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഫ്ലുമിനൻസ് ലീഡെടുത്തു. പോസ്റ്റിന്‍റെ വലതുവശത്ത് നിന്ന് ജോൺ ഏരിയാസ് നൽകിയ പാസ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ കാനോ വലയിലാക്കി. പന്തടക്കത്തിസും പാസ്സിങ്ങിലും മുന്നിൽ നിന്നിട്ടും ഫിനിഷിങ്ങിലെ പോരായ്മയാണ് ഇന്‍ററിന് തിരിച്ചടിയായത്.
40ാം മിനിറ്റിൽ ഇഗ്നാഷ്യോ ഒലിവറോ ഫ്ലുമിനൻസിനായി വലകലുക്കിയെങ്കിലും ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങി. സൂപ്പർതാരം ലൗതാരോ മാർട്ടിനെസിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇന്‍റർതാരങ്ങളെ ഗോളടിക്കാൻ വിടാതെ ഫ്ലുമിൻസ് പ്രതിരോധം പൂട്ടി. ഒടുവിൽ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (93ാം മിനിറ്റിൽ) ഹെർകുലീസ് ടീമിന്‍റെ രണ്ടാം ഗോളും നേടി. ബോക്സിനു പുറത്ത് നിന്നുള്ള താരത്തിന്‍റെ ഇടങ്കാൽ ഷോട്ട് വലയിൽ.
റഫറി ഫൈനൽ വിസിൽ മുഴക്കുമ്പോൾ സ്കോർ 2-0. അട്ടിമറി ജയവുമായി ഫ്ലുമിനൻസ് ക്വാർട്ടറിലേക്ക്, ഇന്‍റർ ലോകകപ്പിൽനിന്ന് പുറത്തേക്കും. 40കാരൻ തിയാഗോ സിൽവയാണ് ഫ്ലുമിൻസിന്‍റെ നായകൻ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ