കൊച്ചി: ഇന്ത്യയുടെ യുവ പ്രതിരോധതാരം സുമിത് ശർമയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. മണിപ്പൂരിൽ നിന്നുള്ള 18കാരനായ സുമിത്തുമായി മൂന്നു വർഷത്തെ കരാറിലാണ് ക്ലബ് ഒപ്പുവെച്ചത്.
2024ൽ സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഇന്ത്യൻ ടീമിലെ അംഗമായിരുന്നു സുമിത്. മണിപ്പൂരിലെ ക്ലാസിക് ഫുട്ബാൾ അക്കാദമിയിൽ പന്തുതട്ടി തുടങ്ങിയ സുമിത് ഇന്ത്യയുടെ അണ്ടർ-17, അണ്ടർ-20 ടീമുകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു. ഈ വർഷം ഇന്ത്യയിൽ നടന്ന സാഫ് അണ്ടർ-19 ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. സെറ്റ് പീസുകളിൽ നിന്ന് ഗോൾ നേടാനുള്ള സുമിതിന്റെ മിടുക്ക് സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിന് ശേഷം ചർച്ചയായിരുന്നു.
സുമിത് മികച്ച ഫുട്ബാൾ അടിത്തറയുള്ള ഒരു കളിക്കാരനാണെന്നും ഒരു പ്രതിരോധനിര കളിക്കാരന് വേണ്ട കൃത്യമായ ഗുണങ്ങളുമുള്ള ആളാണെന്നും അടുത്ത തലമുറയിലെ ഇന്ത്യൻ ഫുട്‌ബാൾ കളിക്കാരെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതിയെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ സി.ഇ.ഒ അഭിക് ചാറ്റർജി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പോലുള്ള ഒരു വലിയ ക്ലബ്ബിൽ ചേരാൻ കഴിഞ്ഞതിൽ എനിക്ക് വളരെ ആവേശവും അഭിമാനവും തോന്നുന്നുവെന്ന് സുമിത് പ്രതികരിച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ