ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ചാമ്പ്യനെ ചാമ്പി ചെൽസി
ലിവർപൂളിനെതിരെ ചെൽസിയുടെ ആദ്യ ഗോൾ നേടുന്ന എൻസോ ഫെർണാണ്ടസ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി. സ്റ്റാംഫോർഡ് ബ്രിജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നീലപ്പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂളിനെ വീഴ്ത്തിയത്. ജയത്തോടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ബെർത്തിനുള്ള സാധ്യത ചെൽസി സജീവമാക്കി. 35 മത്സരങ്ങളിൽ 63 പോയന്റുമായി അഞ്ചാമതുണ്ട് ഇവർ. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 3-4ന് ബ്രെന്റ്ഫോർഡിനോട് തോറ്റു.
ടോട്ടൻഹാമിനെതിരെ കളിച്ച് ചാമ്പ്യന്മാരായ ടീമിൽനിന്ന് ആറു മാറ്റങ്ങളുമായാണ് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട് ടീമിനെ കളത്തിലിറക്കിയത്. ഇത് ടീമിന്റെ ആക്രമണത്തിന്റെ മൂർച്ച കുറച്ചു. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ എൻസോ ഫെർണാണ്ടസിലൂടെ ആതിഥേയർ ലീഡെടുത്തു. പെഡ്രോ നെറ്റോയുടെ ക്രോസിൽനിന്നായിരുന്നു ഗോൾ.
56ാം മിനിറ്റിൽ ജറേൽ ക്വാൻസായുടെ സെൽഫ് ഗോളിലൂടെ ചെൽസി ലീഡ് ഉയർത്തി. കോൾ പാൽമർ നൽകിയ താഴ്ന്ന ക്രോസ് വാൻ ഡൈക് ക്ലിയർ ചെയ്യാൻ ശ്രമിക്കവെ ക്വാൻസായുടെ കാലിൽ തട്ടി സ്വന്തം വലയിൽ കയറി. 85ാം മിനിറ്റിൽ മക് അലിസ്റ്ററിന്റെ കോർണർ കിക്കിൽനിന്ന് വിർജിൽ വാൻ ഡൈക്ക് ഹെഡ്ഡറിലൂടെ ഒരു ഗോൾ മടക്കി ലിവർപൂളിന് പ്രതീക്ഷ നൽകി. എന്നാൽ, ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി പാൽമർ ലക്ഷ്യത്തിലെത്തിച്ച് ടീമിന്റെ വിജയം ഉറപ്പിച്ചു.
ഒരു ഗോളിനു പിന്നിൽപോയശേഷമാണ് യുനൈറ്റഡിനെതിരെ ആതിഥേയരായ ബ്രെന്റ്ഫോർഡ് ജയം പിടിച്ചെടുത്തത്. 14ാം മിനിറ്റിൽ മേസൺ മൗണ്ടിലൂടെ യുനൈറ്റഡ് ആദ്യം ലീഡെടുത്തു. 27ാം മിനിറ്റിൽ ലൂക്ക് ഷായുടെ സെൽഫ് ഗോളിലൂടെ ബ്രെന്റ്ഫോർഡ് സമനില പിടിച്ചു.
പിന്നാലെ കെവിൻ ഷേഡിന്റെ (33, 70) ഇരട്ട ഗോളുകളും യോനെ വിസ്സയുടെ ഗോളും (74) ടീമിന് 4-1ന്റെ ലീഡ് സമ്മാനിച്ചു. 82ാം മിനിറ്റിൽ ഗാർണാച്ചോ മനോഹരമായ ഗോളിലൂടെ യുനൈറ്റഡിന് പ്രതീക്ഷ നൽകി. ഇൻജുറി ടൈമിൽ (90+5) അമദ് ദിയാലോയും മടക്കിയെങ്കിലും വിജയത്തിലെത്താനായില്ല. ജയത്തോടെ ബ്രെന്റ്ഫോർഡ് യൂറോപ്പ ലീഗ് പ്രതീക്ഷകൾ സജീവമാക്കി. 35 മത്സരങ്ങളിൽ 52 പോയന്റുമായി ഒമ്പതാമതാണിവർ. 15ാം സ്ഥാനത്താണ് യുനൈറ്റഡ് (39).
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ