ആൻഫീൽഡ് ചുവന്ന രാത്രി; ആഘോഷമൊടുങ്ങാതെ ലിവർപൂൾ
ലണ്ടൻ: ഒരു മാസം മുന്നേ ഉറപ്പിച്ച കിരീടം മാറോടുചേർക്കാൻ ഞായറാഴ്ച രാത്രിയിലെ അവസാന മത്സരത്തിന്റെ അവസാന വിസിൽ വരെ കാത്തിരിപ്പായിരുന്നെങ്കിലും ആൻഫീൽഡിൽ അവിടെ തുടങ്ങുകയായിരുന്നു.
വർഷങ്ങൾക്കു ശേഷം തിരിച്ചുപിടിച്ച പ്രീമിയർ ലീഗ് ചാമ്പ്യൻപട്ടവുമായി ടീമും ആരാധകരും ആദ്യം മൈതാനത്തും പിറകെ തെരുവുകളിലും ആരവം തീർത്തു. മണിക്കൂറുകൾ തെരുവു നിറഞ്ഞവർ ചാമ്പ്യൻസ് ലീഗിലടക്കം കൈവിട്ട നേട്ടങ്ങളുടെ നഷ്ടങ്ങൾ ആഘോഷിച്ചുതീർത്തു. 2020ൽ കോവിഡ് മഹാമാരി കാലത്ത് ടീം കപ്പിൽ മുത്തമിടുമ്പോൾ അടച്ചിട്ട മുറിയിലിരിക്കേണ്ടിവന്നതിന്റെ ഓർമകൾ മായ്ച്ചാണ് ലിവർപൂൾ നഗരം ചുവപ്പണിഞ്ഞത്.
ടീമിനൊപ്പം കന്നി സീസൺ കിരീടനേട്ടത്തിന്റെ ആവേശത്തിലായിരുന്നു ആർനെ സ്ലോട്ട് എന്ന കളിയാശാൻ. യുർഗൻ ക്ലോപ് എന്ന അതികായന്റെ പിൻഗാമിയായി മറ്റൊരാളെ സമീപകാലത്തൊന്നും ടീമിന് ആലോചിക്കാനാവില്ലെന്നുറപ്പ്. കരിയറിലെ രണ്ടാം കിരീടത്തിന്റെ നിറവായിരുന്നു വിർജിൽ വാൻ ഡൈക്കിനും സംഘത്തിനും.

കഴിഞ്ഞ സീസൺ അവസാനത്തിൽ ട്രാൻസ്ഫർ വിപണി സജീവമായപ്പോൾ ആൻഫീൽഡ് ഉറങ്ങിക്കിടന്നത് പലരിലും ആധി പടർത്തിയിരുന്നു. വെറ്ററൻ സംഘത്തിനൊപ്പം ഈ ടീമിന് എവിടെവരെ പോകാനാകുമെന്ന് നെറ്റി ചുളിച്ചവരേറെ. എന്നിട്ടും പക്ഷേ, ആദ്യ മത്സരം മുതൽ ടീംതന്നെയായിരുന്നു ചിത്രത്തിൽ. അത് ഒടുക്കം വരെയും നിലനിർത്തിയാണ് 20ാം പ്രീമിയർ ലീഗ് കിരീട നേട്ടം. നിലനിർത്തണോ വേണ്ടയോ എന്ന സംശയം നീണ്ടുപോയ മുഹമ്മദ് സലാഹ് ടോപ് സ്കോററും പ്രീമിയർ ലീഗ് താരവുമായി. 29 ഗോളും 18 അസിസ്റ്റുമാണ് താരത്തിന്റെ ബൂട്ടിൽനിന്ന് പിറന്നത്. അവസാന മത്സരത്തിൽ ചെമ്പട സമനില പിടിച്ച ഗോൾകൂടി സ്വന്തം പേരിലാക്കി 32കാരൻ. അടുത്ത സീസണിൽ ബയേർ ലെവർകുസനിൽനിന്ന് റെക്കോഡ് തുകക്ക് േഫ്ലാറിയൻ വിർട്സ് കൂടി എത്തിയാൽ ടീം വരും സീസണിലും അത്ഭുതങ്ങൾ തീർക്കും.
ഗണ്ണേഴ്സ് രണ്ടാം നമ്പർ
സ്വപ്നങ്ങളിലേതിനെക്കാൾ ഗംഭീരമായിരുന്നു ഗണ്ണേഴ്സിന് ഇത്തവണ തുടക്കം. ആരംഭ ശൂരത്വം പക്ഷേ, അവസാനത്തിലെത്തുമ്പോൾ കൈവിട്ടുപോകുന്ന പതിവ് ഇത്തവണയും ടീമിന്റെയും മൈക്കൽ ആർട്ടേറ്റയുടെയും കിരീട കാത്തിരിപ്പ് നീട്ടി. അഞ്ചു വർഷമായി ചുണ്ടിനും കപ്പിനുമിടയിൽ നിൽപ് തുടരുകയാണ് ആഴ്സനലും കോച്ചും. ഇത്തവണ തോൽവികളെക്കാളേറെ സമനിലകളാണ് ടീമിന് കുരുക്കായത്. മികച്ച സ്ട്രൈക്കറില്ലാത്തതിന്റെ ക്ഷീണം ശരിക്കുമറിഞ്ഞ സീസൺ.
കളി പിഴച്ച് സിറ്റി, കണക്കുകളും
സീസൺ തുടങ്ങുംമുമ്പ് സിറ്റി ചാമ്പ്യന്മാരാകുമെന്ന് ആർക്കും സംശയമുണ്ടായിരുന്നില്ല. ടീം പക്ഷേ, ഇടക്കാലത്ത് ലോക തോൽവിയായി. ചാമ്പ്യൻസ് ലീഗ് േപ്ലഓഫിൽ റയൽ മഡ്രിഡിനോട് തോറ്റവർ എഫ്.എ കപ്പ് ഫൈനലിൽ ക്രിസ്റ്റൽ പാലസിനു മുന്നിലും കീഴടങ്ങി. സീസൺ അവസാനത്തിൽ പഴയ വീര്യം തിരിച്ചുപിടിച്ച് നടത്തിയ മുന്നേറ്റങ്ങളാണ് പട്ടികയിൽ മൂന്നാമതെത്തിച്ചത്.
ചെൽസിയുടെ തിരിച്ചുവരവ്
എൻസോ മാരിസ്കയെന്ന ഇറ്റാലിയൻ പരിശീലകനു കീഴിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയത് ചെൽസിക്ക് അഭിമാനകരമായ നേട്ടമായി. സമീപകാലത്തെ വൻ വീഴ്ചകൾക്കിടെ പ്രതാപത്തിന്റെ പോയകാലത്തേക്ക് തിരികെ നടക്കാമെന്ന പ്രതീക്ഷ നൽകിയാണ് ടീം നാലാമന്മാരായത്. എഡ്ഡി ഹോക്കു കീഴിൽ ന്യൂകാസിൽ യുനൈറ്റഡാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കിയ മറ്റൊരു ടീം.
ഓൾഡ് ട്രാഫോഡിൽ വില്ലയുടെ കണ്ണീർ
എമിലിയാനോ മാർടിനെസിന്റെ കൈവിട്ട കളിയിൽ 10 പേരായി ചുരുങ്ങിയിട്ടും റഫറിയിങ്ങിലെ പിഴവിന് ‘തോൽക്കേണ്ടിവന്ന’ വില്ലയാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ ദുഃഖിച്ചിട്ടുണ്ടാകുക. വില്ല താരം മോർഗൻ റോജേഴ്സ് യുനൈറ്റഡ് ഗോളിയുടെ കൈകളിൽനിന്ന് ഊർന്നിറങ്ങിയ പന്ത് കാലിലെടുത്ത് വല കുലുക്കിയെങ്കിലും റഫറി ഫൗൾ വിളിക്കുകയായിരുന്നു. ഗോൾ നഷ്ടമായ ടീം പിന്നീട് രണ്ടെണ്ണം വഴങ്ങി കളി തോൽക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യത കാണാതെ മടങ്ങുകയും ചെയ്തു. സംഭവത്തിൽ ടീം പരാതി നൽകിയിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ