അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ
ലണ്ടൻ: ഇംഗ്ലീഷ് ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്‍റെ ഒഴിവിലേക്ക് മണിക്കൂറുകൾക്കകം പകരക്കാരനെ ക്ലബിലെത്തിച്ച് ലിവർപൂൾ. ബയർ ലെവർകുസന്‍റെ ഡച്ച് സൂപ്പർതാരം ജെറമി ഫ്രിംപോങ്ങാണ് അഞ്ചു വർഷത്തെ കരാറിൽ ആൻഫീൽഡിലെത്തിയത്.
339.67 കോടി രൂപയാണ് (35 മില്യൺ യൂറോ) കരാർ തുക. ലെവർകുസന് 2023-24 സീസണിൽ പ്രഥമ ബുണ്ടസ് ലിഗ കിരീടം നേടികൊടുക്കുന്നതിൽ ഡച്ചു താരം നിർണായക പങ്കുവഹിച്ചിരുന്നു. ഈ സീസണിൽ വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി 53 മത്സരങ്ങളിലാണ് താരം ലെവർകുസനായി കളിച്ചത്. സീസണിൽ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്ക് ജേതാക്കളായപ്പോൾ ലെവർകുസൻ രണ്ടാമതാണ് ഫിനിഷ് ചെയ്തത്.
കഴിഞ്ഞദിവസമാണ് അലക്സാണ്ടർ അർനോൾഡ് സ്പാനിഷ് ക്ലബായ റയൽ മഡ്രിഡിൽ ചേർന്നത്. ആറ് വർഷത്തേക്കാണ് കരാർ. പ്രതിഫലം ഒരു കോടി യൂറോക്കാണ് കരാർ. 26കാരനായ റൈറ്റ് ബാക്ക് ജൂണിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ റയലിനായി അരങ്ങേറും. മാഞ്ചസ്റ്റർ സിറ്റിയുടെ യൂത്ത് അക്കാദമിൽനിന്ന് 2019 സെപ്റ്റംബറിൽ ഡച്ച് താരം സെൽറ്റിക്കിലെത്തി. 2021 ജനുവരിയിലാണ് ജർമൻ ക്ലബിലെത്തുന്നത്.
ലിവർപൂളിലെ വെർജിൽ വാൻ ഡൈക്ക്, കോഡി ഗാക്പോ, റയാൻ ഗ്രാവൻബെർച്ച് എന്നിവരും ഡച്ച് താരങ്ങളാണ്. ലെവർകുസനിലെ ഫ്ലോറിയാൻ വിർട്സിനെ ക്ലബിലെത്തിക്കാനുള്ള ലിവർപൂൾ നീക്കവും അന്തിമഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ