
ലണ്ടൻ: പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിലിന് എതിരില്ലാത്ത രണ്ടുഗോളിനാണ് ചെമ്പട കീഴടക്കിയത്. 11ാം മിനിറ്റിൽ ഡൊമനിക് സൊബോസ്ലായിയും 63ാം മിനിറ്റിൽ മക്കാലിസ്റ്ററുമാണ് ഗോൾ നേടിയത്.
ജയത്തോടെ 28 കളികളിൽ നിന്ന് 67 പോയിൻറുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. രണ്ടാമതുള്ള ആഴ്സനൽ 13 പോയിന്റ് പിറകിലാണ്.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ സിറ്റി കീഴടക്കി. 12ാം മിനിറ്റിൽ എർലിങ് ഹാലൻഡാണ് ഗോൾ നേടിയത്.
ലീഗിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ തുടരുന്ന ആഴ്സനൽ-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ സിറ്റിയുമായുള്ള നോട്ടിങ്ഹാം ഫോറസ്റ്റിന്റെ അകലം ഒരു പോയിന്റായി ചുരുങ്ങി. നോട്ടിങ്ഹാമിന് 48 ഉം സിറ്റിക്ക് 47 പോയിന്റുമാണുള്ളത്.
ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇപ്സിച്ച് ടൗണിനെ 3-2ന് കീഴടക്കി. കളിയുടെ പകുതിയിലേറെയും പത്ത് പേരുമായി കളിച്ചാണ് യുനൈറ്റഡ് വിജയം പിടിച്ചത്. 43ാം മിനിറ്റിൽ പാട്രിക് ഡോർഗു ചുവപ്പ് കാർഡ് പുറത്തായിരുന്നു. ബ്രെൻഡ്ഫോർഡ് -എവർട്ടൻ മത്സരവും (1-1) സമനിലയിൽ പിരിഞ്ഞു.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/nUKmzbT