‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സ​ന്ദേശം ഇതായിരുന്നു…

ഡിയോഗോ ജോട്ട ഭാര്യയോടും മക്കളോടുമൊപ്പം (ഫയൽ ചിത്രം)

ലിവർപൂളിന്റെ പോർചുഗൽ സൂപ്പർതാരം ഡി​യോഗോ ജോട്ട കാറപകടത്തിൽ മരണപ്പെട്ടത് ഫുട്ബാൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തന്റെ പ്രിയസഖി റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിടവേയാണ് ജോട്ട കളിക്കമ്പക്കാരുടെ മനസ്സിലെ കണ്ണീരായി മാറിയത്. 28കാരനായ ജോട്ട​ക്കൊപ്പം രണ്ടുവയസ്സിന് ഇളപ്പമുള്ള സഹോദരൻ ആന്ദ്രേ സിൽവയും സ്പെയിനിലെ സമോറയിൽ നടന്ന അപകടത്തിൽ മരിച്ചു.

കുട്ടിക്കാലം മുതൽ കൂട്ടുകാരിയായിരുന്ന റൂത്ത് കാർഡോസോയുമായുള്ള വിവാഹത്തി​ന്റെ സന്തോഷത്തിലായിരുന്നു ഡിയോഗോ. മൂന്നു മക്കളാണ് ജോട്ട-കാർഡോസോ ദമ്പതികൾക്കുള്ളത്. കുടുംബവുമൊത്തുള്ള ചിത്രങ്ങൾ ജോട്ട സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. വിവാഹത്തിന്റെ നിരവധി ചിത്രങ്ങൾ താരം ആരാധകർക്കായി പങ്കുവെച്ചിരുന്നു.

ജൂൺ 22ന് നടന്ന വിവാഹത്തിന്റെ തിരക്കുകൾക്ക് ശേഷം അഞ്ചു ദിവസം മുമ്പാണ് ഇതിന്റെ ചിത്രങ്ങൾ ‘എക്സി’ൽ ജോട്ട പോസ്റ്റ് ചെയ്തത്. ‘ജൂൺ 22, 2025. അതേ, എക്കാലത്തേക്കും’ എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

പോർചുഗലിലെ പള്ളിയിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം ഒരു അഭിമുഖത്തിലെ ചോദ്യത്തിന് ‘ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് താൻ’ എന്നായിരുന്നു ജോട്ടയുടെ മറുപടി. കാർഡോസോയുമായുള്ള വിവാഹത്തിന്റെ വിവിധ ദൃശ്യങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ അപകടത്തിന് 18 മണിക്കൂർ മുമ്പാണ് താരം അവസാന പോസ്റ്റിട്ടത്. ‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’ എന്നായിരുന്നു ആ വിഡിയോക്ക് ​ജോട്ടയുടെ അടിക്കുറിപ്പ്.

സമോറയിൽ പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയിൽ (A-52) ചൊവ്വാഴ്‌ച രാവിലെയൊടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് താരം യാത്ര ചെയ്ത ഒരു ലംബോർഗിനി കാർ റോഡിൽ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു.

1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്‍ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ​സഹോദരൻ ആന്ദ്രേ സിൽവ പോർച്ചുഗീസ് രണ്ടാം നിര ക്ലബായ പെനാഫിയേലിന്‍റെ താരമായിരുന്നു.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Leave a Comment