ബ്യൂണസ് ഐറിസ്: തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ നിലംപരിശാക്കി അർജന്‍റീന. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന കാനറികളുടെ ചിറകരിഞ്ഞത്. മത്സരത്തിനു ഇറങ്ങുന്നതിനു മുമ്പേ തന്നെ ചാമ്പ്യന്മാർ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു. തോൽവിയോടെ മുൻ ചാമ്പ്യന്മാർ തെക്കൻ അമേരിക്കൻ റൗണ്ടിൽ നാലാം സ്ഥാനത്തേക്ക് വീണു.
ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക് അലിസ്റ്റർ, പകരക്കാരൻ ഗ്യുലിയാനോ സിമിയോൺ എന്നിവരാണ് അർജന്‍റീനക്കായി വലകുലുക്കിയത്. മാത്യൂസ് കുൻഹയുടെ വകയായിരുന്നു ബ്രസീലിന്‍റെ ആശ്വാസ ഗോൾ. മത്സരത്തിലുടനീളം പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും അർജന്‍റീനയുടെ ആധിപത്യമായിരുന്നു. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ച് അൽവാരസിലൂടെ അർജന്‍റീന ലീഡെടുത്തു.
ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച് ബ്രസീൽ പ്രതിരോധ താരങ്ങൾക്കിടയിലൂടെ കടന്നുകയറി ഗോളിക്ക് ഒരു അവസരവും നൽകാതെ താരം പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. ഞെട്ടൽ മാറുന്നതിനു മുമ്പേ വീണ്ടും ബ്രസീൽ വലയിൽ അർജന്‍റീന വെടിപൊട്ടിച്ചു. 12ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസാണ് ലീഡ് വർധിപ്പിച്ചത്. 26ാം മിനിറ്റിൽ അർജന്‍റീന പ്രതിരോധ താരത്തിന്‍റെ പിഴവിൽനിന്നാണ് കുൻഹ ഒരു ഗോൾ മടക്കിയത്. എന്നാൽ, 37ാം മിനിറ്റിൽ അർജന്‍റീന വീണ്ടും ലീഡ് ഉയർത്തി. എൻസോ ഫെർണാണ്ടസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് നിലത്തുവീഴുന്നതിനു മുമ്പേ മക് അലിസ്റ്റൽ വലയിലേക്ക് തട്ടിയിട്ടു. 3-1 എന്ന സ്കോറിനാണ് ആദ്യ പകുതി അവസാനിച്ചത്.
ഇടവേളക്കുശേഷവും അർജന്‍റീന കളിയിലെ മികവ് തുടർന്നു. ബ്രസീൽ ടീമിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. 69ാം മിനിറ്റിൽ തിയാഗോ അൽമാഡക്കു പകരം സിമിയോൺ കളത്തിലിറങ്ങി. രണ്ടു മിനിറ്റിനകം താരം അർജന്‍റീനയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. താഗ്ലിയഫികോയാണ് ഗോളിന് വഴിയൊരുക്കിയത്.
നേരത്തെ, ഉറുഗ്വായ്-ബൊളീവിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ്. 14 മത്സരങ്ങളിൽനിന്ന് 31 പോയന്‍റാണ് അർജന്‍റീനക്ക്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് വേദിയാകുന്നത്.
തെക്കൻ അമേരിക്കയിൽനിന്ന് ആറു രാജ്യങ്ങളാണ് നേരിട്ട് യോഗ്യത നേടുന്നത്. ഏഴാമതെത്തുന്ന ടീം ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് കളിക്കണം. ആതിഥേയ രാജ്യങ്ങൾക്കു പുറമെ, ജപ്പാൻ, ന്യൂസിലൻഡ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/3w185Al