നീലകടലിരമ്പം; പി.എസ്.ജിയെ വീഴ്ത്തി ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി

ന്യൂജെഴ്സി: പ്രവചനങ്ങളും വിദഗ്ദരുടെ അഭിപ്രായങ്ങളും കാറ്റിൽപറത്തിയ ചെൽസിക്ക് ഫിഫ ക്ലബ് ലോകകപ്പ് കിരീടം. വമ്പൻ താരനിരയുമായെത്തിയ,ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് സംഘം പി.എസ്.ജി​യെ 3-0നാണ് നീലപ്പട തകർത്തത്. 22, 30 മിനിറ്റുകളിൽ ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര താരം കോൾ പാമർ വല കുലുക്കി. ബ്രസീലുകാരൻ പെഡ്രോ 43ാം മിനിറ്റിൽ മൂന്നാം ഗോൾ നേടി.ചെൽസിയു​െട രണ്ടാമത്തെ ക്ലബ് ലോകകപ്പ് കിരീടമാണിത്.

കരുത്തരായ പി.എസ്.ജിയെ വരച്ച വരയിൽ നിർത്തിയാണ് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ചെൽസി നിറഞ്ഞാടിയത്. തുടക്കത്തിൽ പി.എസ്.ജി ചില നീക്കങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് ചെൽസിയു​െട നിയ​ന്ത്രണത്തിലായി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ ലോകോത്തര ഗോൾകീപ്പർ ഡോണ്ണരുമ്മയുടെ വലയിൽ പതിച്ചത് കണ്ട് പി.എസ്.ജി ആരാധകർ ഞെട്ടി.

22ാം മിനിറ്റിൽ ഗസ്റ്റോ നീട്ടിയ പന്ത് ഇടംകാലൻ ഷോട്ടിലൂടെ വലയിലാക്കിയാണ് പാമർ ഗോൾവേട്ട തുടങ്ങിയത്.രണ്ടാം ഗോളും സമാനമായ ​ഷോട്ടിലൂടെയായിരുന്നു. രണ്ട് ഗോളുകൾ വഴങ്ങിയതോടെ പതറിയ പി.എസ്.ജിയുടെ നെഞ്ചിലേക്ക് പെഡ്രോയും നിറയൊഴിച്ചു. പാമറിന്റെ അസിസ്റ്റിൽ വലയിലേക്ക് കോരിയിട്ടാണ് ചെൽസിയുടെ ലീഡ് 3-0 ആയി ഉയർത്തിയത്. യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ഫൈനൽ കാണാനെത്തിയിരുന്നു.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

Leave a Comment