
അർകഡാഗ് (തുർക്മെനിസ്താൻ): എ.എഫ്.സി ചലഞ്ച് ലീഗിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഈസ്റ്റ് ബംഗാൾ ക്വാർട്ടർ ഫൈനലിൽ പുറത്ത്. തുർക്മെനിസ്താൻ ക്ലബായ എഫ്.സി അർകാഡാഗിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് രണ്ടാം പാദത്തിൽ തോറ്റത്. ആദ്യ മിനിറ്റിൽത്തന്നെ മെസ്സി ബൗളി നേടിയ ഗോളിൽ ലീഡ് പിടിച്ച കൊൽക്കത്തൻ സംഘം 33ാം മിനിറ്റിൽ ഡിഫൻഡർ ചാൽചുൻഗ്നുൻഗ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങി.
കളി തീരാനിരിക്കെ അൽമിറാത്ത് അന്നാദുർദിയേസ് (89, 90+8) നേടിയ ഇരട്ട ഗോളുകളാണ് വിധിയെഴുതിയത്. കൊൽക്കത്തയിൽ നടന്ന ഒന്നാംപാദം 0-1ന് ജയിച്ച അർകാഡാഗ് ആകെ 3-1 മുൻതൂക്കത്തോടെ സെമി ഫൈനലിൽ കടന്നു. 2024 സൂപ്പർ കപ്പ് ജേതാക്കളായാണ് എ.എഫ്.സി മൂന്നാംനിര ക്ലബ് ടൂർണമെന്റായ ചാലഞ്ച് കപ്പിന് ഈസ്റ്റ് ബംഗാൾ യോഗ്യത നേടിയത്. ഗ്രൂപ് എ ജേതാക്കളായി ക്വാർട്ടറിലും കടന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/JXLmcnp