ഷില്ലോങ്: വടക്കു കിഴക്കൻ പോരിൽ ജയത്തോടെ അവസാന നാലിലേക്ക് ടിക്കറ്റെടുത്ത് ഉരുക്കുനഗരക്കാർ. ആദ്യാവസാനം ഒപ്പത്തിനൊപ്പം നിന്ന ഉശിരൻ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചാണ് ഷില്ലോങ് മൈതാനത്ത് ജംഷഡ്പൂർ കിരീടപ്പോരിലേക്ക് നിർണായക ചുവടു കുറിച്ചത്. സ്റ്റീഫൻ എസെയായിരുന്നു സ്കോറർ.
മൂന്നാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് സനാന്റെ ഗോൾനീക്കത്തോടെയാണ് കളിയുണർന്നത്. ബോക്സിന് പുറത്തുനിന്ന് പായിച്ച വലംകാലൻ ഷോട്ട് ഗോളി പരിക്കുകളില്ലാതെ അപകടമൊഴിവാക്കി. പിറകെ നോർത്ത് ഈസ്റ്റിനായി മകാർട്ടൻ നിക്സൻ ക്ലോസ് റേഞ്ചിൽ വല ലക്ഷ്യമിട്ടെങ്കിലും പുറത്തേക്കു പോയി. 10ാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ സ്റ്റാർ സ്ട്രൈക്കർ അലാഉദ്ദീൻ അജാരിയുടെ ഷോട്ട് അപകടം മണത്തെങ്കിലും പുറത്തേക്കു പറന്നു. 28ാം മിനിറ്റിൽ വല കുലുങ്ങി. അപ്രതീക്ഷിത ആംഗിളിൽ സ്റ്റീഫൻ എസെയുടെ വലം കാൽ ഷോട്ടാണ് നോർത്ത് ഈസ്റ്റ് വല കുലുക്കിയത്. കളി തിരിച്ചുപിടിക്കാൻ നോർത്ത് ഈസ്റ്റുകാർ കിണഞ്ഞുശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ കാര്യമായ മാറ്റമുണ്ടായില്ല.
രണ്ടാം പകുതിയിലും അജാരിയെ കൂട്ടുപിടിച്ച് ഒപ്പമെത്താൻ കിണഞ്ഞുശ്രമിച്ച നോർത്ത് ഈസ്റ്റ് നിരവധി തവണ ഗോൾമുഖം തുറന്നെങ്കിലും പിടിച്ചുനിന്ന ഉരുക്കുനഗരക്കാർ കളി കൈവിടാതെ കാത്തു. ജംഷഡ്പൂർ പകുതിയിൽ പറന്നുനടന്ന് ഗോളിയെ പരീക്ഷിച്ച അജാരിയും സംഘവും ഏതുനിമിഷവും വല കുലുക്കുമെന്ന് തോന്നിച്ചതിനിടെ ജംഷഡ്പൂർ ഒരിക്കലൂടെ ലക്ഷ്യം കണ്ടു. ജാവി ഹെർണാണ്ടസ് ആയിരുന്നു സ്കോറർ. റിത്വിക് ദാസിന്റെ അസിസ്റ്റിലായിരുന്നു ക്ലോസ് റേഞ്ച് ഗോൾ.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/pZEyKFx