എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ നോട്ടിംഗ്ഹാം ഫോറസ്റ്റും ക്രിസ്റ്റൽ പാലസും വിജയിച്ച് സെമിഫൈനലിൽ എത്തി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന മത്സരങ്ങളിലാണ് ഈ ടീമുകൾ ജയം നേടിയത്.
ബ്രൈറ്റണെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് തോൽപ്പിച്ച് ഫോറസ്റ്റ് സെമിയിലെത്തി. മത്സരം സാധാരണ സമയത്തും അധിക സമയത്തും ഗോൾരഹിതമായിരുന്നു. ഫോറസ്റ്റ് ഗോൾകീപ്പർ മാറ്റ്സ് സെൽസ് രണ്ട് പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
മറ്റൊരു മത്സരത്തിൽ, ക്രിസ്റ്റൽ പാലസ് ഫുൾഹാമിനെ 3-0ന് തോൽപ്പിച്ചു. എബെറെചി എസെ ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങി. ഇസ്മായില സാറും എഡി എൻകെറ്റിയയും പാലസിനായി ഗോളുകൾ നേടി.
ബാക്കിയുള്ള രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. പ്രെസ്റ്റൺ നോർത്ത് എൻഡ് ആസ്റ്റൺ വില്ലയെയും, ബോൺമൗത്ത് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
advertisement