എതിർ ടീം കോച്ചിന്‍റെ കഴുത്തിന് പിടിച്ചു; മെസ്സിക്ക് ‘പണി കിട്ടി’! സുവാരസിനും പിഴ -വിഡിയോ

ഫ്ലോറിഡ: കളത്തിൽ മോശം പെരുമാറ്റത്തിന്‍റെ പേരിൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് പിഴ ചുമത്തി മേജർ ലീഗ് സോക്കർ അധികൃതർ.

കഴിഞ്ഞദിവസം ന്യൂയോർക്ക് സിറ്റിക്കെതിരെ നടന്ന സീസണിലെ ആദ്യ മത്സരത്തിനുശേഷമാണ് ഇന്‍റർ മയാമിയുടെ താരമായ മെസ്സി എതിർ ടീം സഹപരിശീലകൻ മെഹ്ദി ബല്ലൂച്ചിയുടെ കഴുത്തിനു പിന്നിൽ പിടിക്കുന്നത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മത്സരത്തിനു ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ മാച്ച് ഓഫിഷ്യലുമായി മെസ്സി തർക്കിക്കുന്നുണ്ട്.

ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അഞ്ചാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ തോമസ് അവിൽസ് മയാമിക്കായി ലക്ഷ്യം കണ്ടെങ്കിലും മിറ്റ ഇലനിക് (26ാം മിനിറ്റ്), അലോൻസോ മാർട്ടിനസ് (55) എന്നിവരിലൂടെ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽനിന്ന് ടെലസ്കോ സെഗോവിയയാണ് (90+10) മയാമിയുടെ സമനില ഗോൾ നേടിയത്. 23ാം മിനിറ്റിൽ ടോറ്റോ അവൈൽസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് മയാമി കളിച്ചത്.

മത്സരശേഷം മാച്ച് ഓഫിഷ്യൽ അലെക്സിസ് ഡാ സിൽവെയുമായി തർക്കിക്കുന്നതിനിടെ ന്യൂയോർക്ക് സിറ്റിയുടെ സഹ പരിശീലകൻ മെഹ്ദി ബല്ലൂച്ചി മെസ്സിയോട് എന്തൊക്കെയോ പറയുന്നുണ്ട്. പിന്നാലെ ബല്ലൂച്ചിയുടെ സമീപത്തേക്കെത്തിയ മെസ്സി അദ്ദേഹത്തിന്‍റെ കഴുത്തിൽ കൈകൊണ്ടു പിടിക്കുകയായിരുന്നു. പിന്നാലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. താരത്തിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് പ്രതിരോധ താരം ബിർക്ക റിസയോട് മോശമായി പെരുമാറിയതിന് സുവാരസിനും മഞ്ഞ കാർഡ് ലഭിച്ചിരുന്നു.

ഇരുവരും അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. എന്നാൽ, പിഴ തുക വെളിപ്പെടുത്തിയിട്ടില്ല. 2023ൽ എം.എൽ.എസിൽ എത്തിയശേഷം താരം ആദ്യമായാണ് അച്ചടക്ക നടപടി നേരിടുന്നത്.

from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/M0voODi

Leave a Comment