വനിതാ ഐ.പി.എൽ താരലേലം: കോടിത്തിളക്കത്തിൽ മലയാളി താരം ആശ ശോഭന; ദീപ്തി ശർമക്ക് 3.20 കോടി



ന്യൂഡൽഹി: വനിതാ ഐ.പി.എല്ലിൽ വൻ താരമൂല്യവുമായി മലയാളി താരം ആശ ശോഭന. വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന ​വനിതാ ഐ.പി.എൽ ലേലത്തിലാണ് ഓൾറൗണ്ട് താരം ആശയെ യു.പി വാരിയേഴ്സ് 1.1 കോടി രൂപക്ക് സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയിട്ട ലെഗ് സ്പിന്നറെ ഡൽഹി കാപിറ്റൽസിന്റെയും ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെയും മോഹങ്ങളെ മറികടന്ന് യു.പി വാരിയേസ് സ്വന്തമാക്കി.

കഴിഞ്ഞ സീസണിൽ ആർ.സി.ബി താരമായിരുന്നു തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന. 2023ൽ ആർ.സി.ബി പത്ത് ലക്ഷത്തിന് കരാറിൽ ഒപ്പുവെച്ചതാരമാണ് രണ്ടു സീസണിനിപ്പുറം കോടികൾ മൂല്യമുള്ള താരമായി ഉയർന്നത്. കഴിഞ്ഞ സീസണിൽ 10 കളിയിൽ 12 വിക്കറ്റുമായി തിളങ്ങി. 2024 മേയിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യൻ താരം ദീപ്തി ശർമയാണ് ഏറ്റവും വിലയേറിയ താരമായി മാറിയത്. യു.പി. വാരിയേഴ്സ് 3.2 കോടിയെറിഞ്ഞാണ് താരത്തെ തങ്ങളുടെ നിരയിലെത്തിച്ചത്. ന്യൂസിലൻഡ് ഓൾറൗണ്ടർ സോഫി ഡിവൈനെ രണ്ട് കോടിക്ക് ഗുജറാത്ത് ജയന്റ്സും, ന്യൂസിലൻഡിന്റെ മറ്റൊരു താരം അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.

അതേസമയം, മലയാളി താരം മിന്നു മണിയെ ലേലത്തിൽ ആരും വിളിച്ചില്ല. അടുത്ത വർഷം ജനുവരിയിലാണ് ​വനിതാ ഐ.പി.എൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

മുൻനിര താരങ്ങളെ വിവിധ ടീമുകൾ നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ആറു ടീമുകളിലായി ശേഷിച്ച 73 താരങ്ങൾക്കയാണ് ലേലം നടന്നത്. ഇവരിൽ 23 വിദേശ താരങ്ങളായിരുന്നു.



© Madhyamam