
ഗുവാഹതി: വനിത ഏകദിന ലോകകപ്പിൽ ബുധനാഴ്ചമുതൽ സെമിഫൈനൽ പോരാട്ടങ്ങൾ. ഇന്ന് ഗുവാഹതി ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ആതിഥേയരായ ഇന്ത്യ വ്യാഴാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെയും നേരിടും. വിജയികൾ തമ്മിൽ നവംബർ രണ്ടിന് നവി മുംബൈയിൽ കിരീടക്കളിക്കിറങ്ങും.
ഏഴിൽ അഞ്ച് മത്സരങ്ങളും ജയിച്ച് 11 പോയന്റോടെ രണ്ടാംസ്ഥാനക്കാരായാണ് ഇംഗ്ലണ്ട് കടന്നത്. പാകിസ്താനെതിരായ ഇവരുടെ കളി മഴയെടുത്തപ്പോൾ നാറ്റ് സീവർ ബ്രണ്ടിനും സംഘത്തിനും തോൽവി പിണഞ്ഞത് ആസ്ട്രേലിയയോട് മാത്രം. 10 പോയന്റുമായി മൂന്നാമതാണ് ദക്ഷിണാഫ്രിക്ക. ഏഴിൽ അഞ്ചും ജയിച്ച ഇവർ ഓസീസിനോടും ഇന്നത്തെ എതിരാളികളായ ഇംഗ്ലീഷുകാരോടും പരാജയപ്പെട്ടിരുന്നു.
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിലേറ്റ തോൽവിക്ക് പകരം ചോദിച്ച് ഫൈനലിൽ കടക്കുകയാണ് ലോറ വോൾവാർട്ടിന്റെയും ടീമിന്റെയും ലക്ഷ്യം. ടൂർണമെന്റിൽ അപരാജിതരായി 13 പോയന്റോടെ ഒന്നാമതുള്ള ആസ്ട്രേലിയ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും. ഏഴ് കളിയിൽ ഏഴ് പോയന്റ് മാത്രം നേടി നാലാം സ്ഥാനക്കാരായാണ് ഹർമൻപ്രീത് കൗറും സംഘവും അന്തിമ നാലിൽ കടന്നുകൂടിയത്.
