റൺമലക്കപ്പുറം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പ് ഫൈനൽ, ഓസീസ് അടിച്ചുകൂട്ടിയത് 338 റൺസ്, ലിച്ച്‌ഫീൽഡിന് സെഞ്ച്വറി



മുംബൈ: വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം തീർത്ത് ആസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് 49.5 ഓവറിൽ 338 റൺസെടുത്ത് ഓൾഔട്ടാകുകയായിരുന്നു.

തകർപ്പൻ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപണർ ഫീബ് ലിച്ച്‌ഫീൽഡിന്റെ കരുത്തിലാണ് ഓസീസ് റൺമല തീർത്തത്. 93 പന്തുകൾ നേരിട്ട ലിച്ച്‌ഫീൽഡ് 17 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 119 റൺസെടുത്താണ് പുറത്താകുന്നത്. 88 പന്തിൽ 77 റൺസെടുത്ത എല്ലിസ് പെറിയും 45 പന്തിൽ 63 റൺസെടുത്ത ആഷ്‌ലീ ഗാർഡ്‌നറും ആസ്ട്രേലിയൻ ഇന്നിങ്സിന് കരുത്തേകി.

അലീസ ഹീലി (5), ബെത്ത് മൂണി (24), അന്നബെൽ സതർലാൻഡ് (3), തഹ്‌ലിയ മക്ഗ്രാത്ത് (12), കിം ഗാർത്ത് (17), അലാന കിങ് (4), സോഫി മൊളിന്യൂസ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒരു റൺസെടുത്ത മെഗാൻ ഷട്ട് പുറത്താകെ നിന്നു.

ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി, ദീപ്തി ശർമ എന്നിവർ രണ്ടുവീതം വിക്കറ്റും ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.



© Madhyamam