
ലണ്ടൻ: ക്രിക്കറ്റിലെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിന്‍റെ 2026ലെ പുരസ്കാരങ്ങളിൽ ഇന്ത്യൻ താരങ്ങൾക്ക് ചരിത്രനേട്ടം. പ്രഖ്യാപിക്കപ്പെട്ട ഒൻപത് പ്രധാന പുരസ്കാരങ്ങളിൽ ഏഴെണ്ണവും ഇന്ത്യ സ്വന്തമാക്കിയപ്പോൾ, വിസ്ഡൻ തിരഞ്ഞെടുത്ത വർഷത്തെ അഞ്ച് മികച്ച താരങ്ങളിൽ നാല് പേരും ഇന്ത്യക്കാരായി മാറി. 2025ൽ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരെ ഈ അഭിമാന പട്ടികയിൽ എത്തിച്ചത്. ഇംഗ്ലീഷ് താരം ഹസീബ് ഹമീദാണ് ഈ പട്ടികയിലെ ഏക വിദേശി.
പരമ്പരയിൽ 754 റൺസ് അടിച്ചുകൂട്ടിയ ശുഭ്മൻ ഗിൽ മികച്ച വ്യക്തിഗത പ്രകടനത്തിനുള്ള വിസ്ഡൻ ട്രോഫിയും സ്വന്തമാക്കി. ലോകത്തെ മികച്ച വനിതാ താരമായി ദീപ്തി ശർമ്മയും മികച്ച ടി20 താരമായി അഭിഷേക് ശർമ്മയും തിരഞ്ഞെടുക്കപ്പെട്ടതോടെ പുരസ്കാരപ്പട്ടികയിൽ ഇന്ത്യയുടെ ആധിപത്യം പൂർണ്ണമായി. ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് ലോകത്തെ മികച്ച പുരുഷ താരം. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഗിൽ കാഴ്ചവെച്ച ഐതിഹാസിക പ്രകടനവും ഹെഡിംഗ്ലിയിലെ പന്തിന്‍റെ ഇരട്ട സെഞ്ചുറികളും ഓവലിലെ സിറാജിന്‍റെ വിക്കറ്റ് വേട്ടയും വിസ്ഡൻ എഡിറ്റർ ലോറൻസ് ബൂത്ത് പ്രത്യേകം പ്രശംസിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2–2 എന്ന നിലയിൽ സമനിലയിലാക്കുന്നതിൽ ഈ താരങ്ങളുടെ പ്രകടനം നിർണ്ണായകമായിരുന്നു.
