കൗണ്ടി ക്രിക്കറ്റ് കളിച്ച കാലത്തെ രസകരമായ സംഭവം പങ്കുവെച്ച് മുൻ പാകിസ്താൻ പേസർ വസീം അക്രം. കൗണ്ടി ക്രിക്കറ്റിന്‍റെ ആദ്യ മാസങ്ങളിൽ, താൻ കൂടുതൽ ഭാരമുള്ള ഒരു ബാഗ് കൊണ്ടുനടക്കാറുണ്ടായിരുന്നു. ഒരു ദിവസം പരിശോധിച്ചപ്പോൾ അതിൽ വലിയ ഇഷ്ടിക കണ്ടെത്തി. മുൻ ക്രിക്കറ്റ് താരം മൈക്കൽ വാട്ട്കിൻസൻ തന്നെ പ്രാങ്ക് ചെയ്യുകയായിരുന്നുവെന്ന് അക്രം സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ പറഞ്ഞു.
“ക്രിക്കറ്റ് ബാഗുകൾ ചുമന്നു നടന്നിരുന്ന ആ ദിവസങ്ങൾ ഓർക്കുന്നുണ്ടോ? ചക്രങ്ങളില്ലാത്ത ശവപ്പെട്ടികൾ എന്നാണ് അവയെ വിളിച്ചിരുന്നത്. ഇപ്പോൾ ആളുകൾ നിങ്ങൾക്കായി അത് കൊണ്ടുപോകും. കൗണ്ടി ക്രിക്കറ്റിൽ ഞങ്ങൾ ഞങ്ങളുടെ കിറ്റ്ബാഗുകൾ സ്വയം കൊണ്ടുപോകണമായിരുന്നു. ഞാൻ അന്ന് വളരെ ചെറുപ്പമായിരുന്നു. 21 വയസ്സേ ഉള്ളൂ. അഴുക്കുപറ്റിയ വസ്ത്രങ്ങൾ എങ്ങനെ കഴുകണമെന്ന് എനിക്കറിയില്ലായിരുന്നു. പാകിസ്താനിൽ എല്ലാം മാതാവ് ചെയ്തുതരും.
ആദ്യത്തെ ഒരുമാസം ഭാരമേറിയ ബാഗാണ് ഞാൻ ചുമന്നുനടന്നത്. സാധാരണയായി കളിക്കുമ്പോൾ ബാഗിന് മുകളിലെ സാധനങ്ങൾ എടുത്ത്, വസ്ത്രം മാറി കളി തുടരും. ഒരു മാസത്തിനുശേഷമാണ് എന്റെ കിറ്റ് ബാഗിൽ വലിയ ഇഷ്ടിക ഉണ്ടായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നത്. ഒരു മാസത്തേക്ക് ഞാൻ അത് ചുമക്കുകയായിരുന്നു. അത് ചെയ്തത് മൈക്കൽ വാട്ട്കിൻസൻ ആയിരുന്നുവെന്ന് പിന്നീട്ഞാൻ കണ്ടെത്തി. അതിന് പ്രതികാരമായി ഞാൻ അദ്ദേഹത്തിന്റെ സോക്സ് മുറിച്ചു” -അക്രം പറഞ്ഞു.
അതേ പോഡ്‌കാസ്റ്റിൽ, തനിക്ക് പ്രമേഹമുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നും പാക് ഇതിഹാസ താരം വെളിപ്പെടുത്തി. “1997-ൽ രോഗനിർണയം നടത്തി. എന്റെ ഭാരം കുറയാൻ തുടങ്ങി, കാഴ്ച അൽപ്പം മങ്ങി. എനിക്ക് എപ്പോഴും ദാഹമുണ്ടായിരുന്നു, ഇടക്കിടെ മൂത്രമൊഴിക്കുന്നുണ്ടായിരുന്നു. പിതാവ് എന്റെ അടുത്ത് വന്ന് ഷുഗർ ടെസ്റ്റ് നടത്തണോ എന്ന് ചോദിച്ചു. അന്നൊന്നും പ്രമേഹത്തെക്കുറിച്ച് വലിയ അവബോധം ഉണ്ടായിരുന്നില്ല. പിന്നീട് പരിശോധന നടത്തി. സാധാരണ ഗതിയിൽ 100 അല്ലെങ്കിൽ 110 ആയിരിക്കും ബ്ലഡ് ഷുഗർ ലെവൽ. എന്റേത് 450 ആയിരുന്നു. ഉടൻതന്നെ ഇൻസുലിൻ എടുക്കണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു” -അക്രം പറഞ്ഞു.