
ചെന്നൈ: ക്രിക്കറ്റ് ലോകം ഏറെ ചർച്ച ചെയ്ത ഐ.പി.എല്ലിലെ കൂടുമാറ്റങ്ങളിലൊന്നായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റേത്. മാസങ്ങളായി തുടർന്ന ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് രാജസ്ഥാൻ റോയൽസുമായുള്ള 12 വർഷത്തെ ബന്ധം അവസാനിപ്പിച്ച് സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലെത്തുന്നത്.
ഓൾറൗണ്ടർ രവീന്ദ്ര ജദേജ, സാം കറൻ എന്നിവരെ കൈമാറിയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. നിലവിലെ വാർഷിക പ്രതിഫല തുകയായ 18 കോടി രൂപ തന്നെ ചെന്നൈയും സഞ്ജുവിന് നൽകും. ജദേജയുടെ വാർഷിക പ്രതിഫലം 18 കോടിയിൽ നിന്നും 14 കോടിയായി കുറഞ്ഞു. സഞ്ജുവിന്റെ വരവോടെ ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കും മലയാളി താരം എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, ഐ.പി.എല്ലിന്റെ പുതിയ സീസണിലും യുവതാരം ഋതുരാജ് ഗെയ്ക്വാദ് തന്നെയാണ് ടീമിന്റെ ക്യാപ്റ്റൻ.
ഐ.പി.എല്ലിൽ രാജസ്ഥാനുവേണ്ടി ഭൂരിപക്ഷം മത്സരങ്ങളിലും മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്. 94 തവണ മൂന്നാം നമ്പറിൽ കളിച്ചു, മൂന്നു സെഞ്ച്വറി ഉൾപ്പെടെ 3096 റൺസാണ് താരത്തിന്റെ പേരിലുള്ളത്. 143.33 ആണ് സ്ട്രൈക്ക് റേറ്റ്. 20 തവണ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന്റെ സമ്പാദ്യം 783 റൺസാണ്. എന്നാൽ, ഇന്ത്യക്കായി ട്വന്റി20യിൽ ഓപ്പൺ ചെയ്ത സഞ്ജുവിന്റെ റെക്കോഡ് മികച്ചതാണ്. ഓപ്പണിങ്ങില് അഭിഷേക് ശർമക്കൊപ്പം തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജു കഴിഞ്ഞ വർഷം മൂന്നു സെഞ്ച്വറികളാണ് നേടിയത്. എന്നാൽ, ട്വന്റി20 ടീമിലേക്കുള്ള ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. കരിയറിൽ അപൂർവമായി മാത്രം കളിച്ചിട്ടുള്ള മധ്യനിരയിലായി പിന്നീട് താരത്തിന്റെ ബാറ്റിങ് സ്ഥാനം.
ട്രേഡ് ഡീൽ വഴിയുള്ള സഞ്ജുവിന്റെ വരവോടെ ചെന്നൈയുടെ ഓപ്പണിങ് സ്ഥാനത്തേക്കും സഞ്ജു വന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, സി.എസ്.കെ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പോളിൽ നിരവധി ആരാധകരാണ് പ്രതികരിച്ചിരിക്കുന്നത്. ‘ഐ.പി.എൽ 2026ൽ സി.എസ്.കെക്കുവേണ്ടി ആരൊക്കെ ഓപ്പൺ ചെയ്യണം?’ എന്നായിരുന്നു ചോദ്യം. നായകൻ ഋതുരാജ് ഗെയ്ക്വാദിനൊപ്പം യുവ ബാറ്റർ ആയുഷ് മാത്രെയുടെ പേരാണ് ഭൂരിഭാഗവും നിർദേശിച്ചത്. പല ആരാധകരും സഞ്ജുവിനെയും ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
കൂടാതെ, വെറ്ററൻ താരം എം.എസ്. ധോണിയുടെ പേരും പലരും നിർദേശിച്ചു. എന്തായാലും ഓപ്പണർമാരായി ആരൊക്കെ എത്തുമെന്ന സസ്പെൻസ് തുടരുകയാണ്. ഐ.പി.എൽ ഇനി മിനി താര ലേലവും നടക്കാനുണ്ട്. കഴിഞ്ഞ സീസണിൽ പരിക്കേറ്റ് പുറത്തായ ഗെയ്ക്വാദിന്റെ പകരക്കാരനായാണ് ആയുഷ് മാത്ര ടീമിന്റെ ഓപ്പണറാകുന്നത്. ഏഴു ഇന്നിങ്സുകളിൽനിന്ന് 240 റൺസാണ് താരം നേടിയത്. 188.27 ആണ് സ്ട്രൈക്ക് റേറ്റ്.
2019 മുതൽ ഋതുരാജ് ഗെയ്ക്വാദ് ചെന്നൈക്കൊപ്പമുണ്ട്. താര ലേലത്തിൽ 20 ലക്ഷം രൂപക്കാണ് അന്ന് ചെന്നൈ താരത്തെ ടീമിലെത്തിക്കുന്നത്. 2022 സീസണു മുന്നോടിയായി ആറു കോടി രൂപക്ക് ടീമിൽ നിലനിർത്തി. 71 മത്സരങ്ങളിൽ 2502 റൺസാണ് താരം ഇതുവരെ ചെന്നൈക്കായി നേടിയത്. 137.47 ആണ് സ്ട്രൈക്ക് റേറ്റ്. രണ്ടു സെഞ്ച്വറികളും 20 അർധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.
