വിരാട് കോഹ്‍ലി: ദി കംപ്ലീറ്റ് മാൻ @37



ഇന്ന് വിരാട് കോഹ്‌ലിക്ക് 37 വയസ്സ് , ക്രിക്കറ്റിനെ കായിക വിനോദത്തിനപ്പുറം വികാരമാക്കിയ മനുഷ്യൻ. ക്രിക്കറ്റിൽ റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച ബാറ്റർ, ഗ്രേറ്റ് ഫിനിഷർ, ക്രിക്കറ്റിൽ ഇനി അണിയാൺ വേഷങ്ങളിലാത്ത പ്രതിഭ. ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ, ഏകദിനത്തിൽ 10,000 റൺസ് നേടിയ ബാറ്റർമാരിൽ ഏറ്റവും മികച്ച ശരാശരി, ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറികൾ , ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ്.എത്രയെത്ര റെക്കോഡുകൾ…

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിലൊരാളായ വിരാട് കോഹ്‌ലി, ക്രിക്കറ്റ് മേഖലക്കുമപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു സാമ്രാജ്യം കെട്ടിപ്പടുത്തിട്ടുണ്ട്. മികച്ച നിക്ഷേപങ്ങൾ, ആഗോള ബ്രാൻഡ് ഡീലുകൾ, ബിസിനസ് സംരംഭങ്ങൾ എന്നിവയിലൂടെ അദ്ദേഹത്തിന്റെ ആസ്തി ഇപ്പോൾ 1,050 കോടിയും കവിഞ്ഞിരിക്കുകയാണ്.

വിരാട് കോഹ്‌ലിയുടെ സമ്പാദ്യത്തിന്റെ ഒരു പ്രധാന ഭാഗം അദ്ദേഹത്തിന്റെ കളിക്കളത്തിലെ വരുമാനമാണ്. ബി.സി.സി.ഐയുടെ എപ്ലസ് സെൻട്രൽ കരാറിന്റെ ഭാഗമായി, അദ്ദേഹത്തിന് പ്രതിവർഷം ഏഴു കോടിയാണ് ലഭിക്കുന്നത്, കൂടാതെ ഒരു ടെസ്റ്റിന് 15 ലക്ഷം, ഒരു ഏകദിനത്തിന് 6 ലക്ഷം, ഒരു ടി20ക്ക് 3 ലക്ഷം എന്നിങ്ങനെ അധിക മാച്ച് ഫീസും ലഭിക്കും. കോഹ്‍ലിയുടെ ഐ.പി.എൽ സമ്പാദ്യവും വലുതാണ്. 2008-ൽ 12 കോടിയായിരുന്നു വരുമാനമെങ്കിൽ 2025-ൽ 21 കോടിയിലെത്തി നിൽക്കുന്നു, അദ്ദേഹത്തിന്റെ മൊത്തം ഐ.പി.എൽ വരുമാനം ഏകദേശം 212.44 കോടിയാണ്. 2024-ൽ, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പ്ലേഓഫ് ഫിനിഷിലേക്ക് നയിച്ചതിന് ശേഷം കോഹ്‌ലിക്ക് വൻ ബോണസും സമ്മാനത്തുകയും നൽകുകയുണ്ടായി.

കോഹ്‍ലി എന്ന ബ്രാൻഡ്

കളിക്കളത്തിന് പുറത്ത്, കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം അന്താരാഷ്ട്ര സ്‌പോർട്‌സ് ഐക്കണുകളെ മറികടക്കുന്നതാണ്. എം.ആർ.എഫ്, പ്യൂമ, ഓഡി, നെസ്‌ലെ, മിന്ത്ര, ടിസോട്ട്, പെപ്‌സി എന്നിവയുൾപ്പെടെ 30-ലധികം മുൻനിര ബ്രാൻഡുകളെ അദ്ദേഹം പ്രതിനിധികരിക്കുന്നുണ്ട്.. എം.ആർ.എഫുമായുള്ള അദ്ദേഹത്തിന്റെ 100 കോടി ബാറ്റ് കരാറും 110 കോടി പ്യൂമയുമായുള്ള പങ്കാളിത്തവും ഇന്ത്യൻ സ്‌പോർട്‌സ് ചരിത്രത്തിലെ ഏറ്റവും ലാഭകരമായവയാണ്. ഒരു പരസ്യ കാമ്പയിന് ഏകദേശം ഏഴര മുതൽ പത്തു കോടി ഈടാക്കുന്ന കോഹ്‌ലി ഇന്ത്യയിലെ ഏറ്റവും വിശ്വസ്തനായ സെലിബ്രിറ്റികളിൽ ഒരാളാണ്.

കോഹ്‌ലിയുടെ ബിസിനസ് ഇന്നിങ്സുകളും അദ്ദേഹത്തിന്റെ ബാറ്റിങ് പോലെ തന്നെ മൂർച്ചയുള്ളതാണ്. വൺ8 കമ്യൂണിന് കീഴിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, കഫേ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്ന ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ പ്യൂമയുമായി സഹ ഉടമാവകാശവും വൺ8 ന്റെ ഉടമയുമാണ്. യുവ ഫാഷൻ ബ്രാൻഡായ wrogn (റോൺ) ന്റെ സഹസ്ഥാപകൻ കൂടിയാണ് അദ്ദേഹം, ചിസൽ ഫിറ്റ്‌നസ് ജിമ്മുകളിൽ 90 കോടി നിക്ഷേപം. ന്യൂഡൽഹിയിലെ കോഹ്‌ലിയുടെ റസ്റ്റോറന്റ് ന്യൂവ അദ്ദേഹത്തിന്റെ പ്രീമിയം സംരംഭങ്ങളിലൊന്നാണ്. ബ്ലൂ ട്രൈബ്, റേജ് കോഫി, ഡിജിറ്റ് ഇൻഷുറൻസ്, സ്‌പോർട് കോൺവോ തുടങ്ങിയ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾ അദ്ദേഹത്തിന്റെ ഭാവി കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന ഒരു കംപ്ലീറ്റ് ബിസിമാനുമാണ് കോഹ്‍ലി.

കോഹ്‌ലി-അനുഷ്‍ക ദമ്പതികൾ അസൂയാവഹമായ രാജകീയ ജീവിതശൈലിയാണ് കായിക ചലച്ചിത്ര ദമ്പതിക​ളുടേത്. 80 കോടി വിലമതിക്കുന്ന അവരുടെ ഗുഡ്ഗാവ് മാളികയിൽ ഒരു സ്വകാര്യ ആർട്ട് ഗാലറി, പൂൾ, ബാർ എന്നിവയുണ്ട്, അതേസമയം 34 കോടി വിലമതിക്കുന്ന കടലിനഭിമുഖമായ മുംബൈയിലെ വീട് ആഡംബരത്തിന്റെ അവസാന വാക്കാണ്. കോഹ്‌ലിയുടെ ഗാരേജ് ഒരു വാഹനപ്രേമിയുയെ സ്വപ്നലോകമാണ് – ഓഡി R8 LMX, ബെന്റ്ലി കോണ്ടിനെന്റൽ GT, മെഴ്‌സിഡസ് GLS എന്നിവ ഇവിടെയുണ്ട്. ജീവിതശൈലിക്ക് പുറമേ, FC ഗോവ (ISL), UAE റോയൽസ് (ടെന്നീസ്), ബംഗളൂരു യോദ്ധാസ് (പ്രൊ റെസ്‌ലിംഗ്) തുടങ്ങിയ സ്‌പോർട്‌സ് ടീമുകളിൽ കോഹ്‌ലിക്ക് ഓഹരികളുണ്ട്, ഇത് ക്രിക്കറ്റിനപ്പുറം കായികമേഖലയോടുളള കിങ് കോഹ്‍ലിയുടെ അഭിനിവേശത്തിന്റെ തെളിവാണ്.

വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും ചേർന്നുള്ള സംരംഭങ്ങൾ വേറെയുമുണ്ട്. വിരാട് കോഹ്‌ലിയുടെ 1,050 കോടിയുടെ സമ്പത്തും അനുഷ്കയുടെ 255 കോടിയും അവരെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെലിബ്രിറ്റി ദമ്പതികളിൽ ഒരാളാക്കുന്നു. ഡൽഹിയിലെ പ്രാദേശിക ഗ്രൗണ്ടുകളിൽ നിന്ന് ആഗോള താരപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, അദ്ദേഹം വെറുമൊരു ക്രിക്കറ്റ് ഐക്കൺ മാത്രമല്ല, ഇന്ത്യയുടെ കായിക സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്ന ഒരു ബ്രാൻഡും ബിസിനസ് ഐക്കണുമാണ് വിരാട് കോഹ്‍ലി.



© Madhyamam