
അന്താരാഷ്ട്ര ട്വന്‍റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച സൂപ്പർ താരം വിരാട് കോഹ്‌ലി നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. വരുന്ന പരമ്പരകളിലെ പ്രകടനമനുസരിച്ചാകും താരത്തിന്‍റെ ക്രിക്കറ്റ് ഭാവിയെന്നിരിക്കെ, ഐ.പി.എല്ലും ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) താരമായ കോഹ്‌ലി, ഫ്രാഞ്ചൈസിയുടെ പരസ്യ കരാർ നിസരിച്ചതോടെയാണ് ടീം വിടുകയാണെന്ന തരത്തിൽ അഭ്യൂഹം ശക്തമായത്.
എന്നാൽ കോഹ്‌ലി ടീം വിടില്ലെന്നും കമേഴ്സ്യൽ കോൺട്രാക്ടും കളിക്കാർക്കുള്ള കോൺട്രാക്ടും വ്യത്യസ്തമാണെന്നും മുൻ താരം മുഹമ്മദ് കൈഫ് ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു. “കോഹ്‌ലി ഐ.പി.എല്ലിൽനിന്ന് വിരമിക്കുകയാണോ? ഇല്ല സുഹൃത്തുക്കളേ, കമേഴ്സ്യൽ ഡീലും താരങ്ങളുടെ കോൺട്രാക്ടും വ്യത്യസ്തമാണ്. ആർ.സി.ബി ഫ്രാഞ്ചൈസിക്ക് പുതിയ ഉടമ വരാനുള്ള സാധ്യത കണക്കിലെടുത്താണ് പരസ്യ കരാറിൽ അദ്ദേഹം ഒപ്പിടാത്തത്. ടീം ഉടമ മാറിയാൽ വീണ്ടും ചർച്ചകൾ നടക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
2008 മുതൽ കോഹ്‌ലി ആർ.സി.ബിയിൽ കളിക്കുന്നുണ്ട്. ആദ്യ ട്രോഫി നേടാനായത് ഇക്കഴിഞ്ഞ സീസണിലാണ്. കോഹ്‌ലി 650ലേറെ റൺസാണ് സീസണിൽ നേടിയത്. കിരീട നേട്ടത്തിൽ നിർണായകമായിരുന്നു ആ പ്രകടനം. മറ്റൊരു ഫ്രാഞ്ചൈസിക്കുവേണ്ടി കളിക്കില്ലെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. കോഹ്‌ലി ചാമ്പ്യൻസ് ട്രോഫിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ അദ്ദേഹം മാൻ ഓഫ് ദ് മാച്ചായി. 2023 ലോകപ്പിൽ ടൂർണമെന്‍റിലെ താരവും കോഹ്‌ലിയായിരുന്നു. അദ്ദേഹത്തിന്‍റെ പീക്ക് ടൈമാണിപ്പോൾ. കളിച്ചു തുടങ്ങിയിട്ടേയുള്ളൂ. വലിയ പ്രകടനങ്ങൾക്കായി കാത്തിരിക്കാം” -കൈഫ് പറഞ്ഞു.
അതേസമയം ആസ്ട്രേലിയൻ പര്യടനത്തിനുള്ള സംഘത്തിൽ സീനിയർ താരങ്ങളായ കോഹ്‌ലിയും രോഹിത് ശർമയും ഉൾപ്പെട്ടിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള ആദ്യ ഏകദിന പരമ്പരക്കാണ് ഇന്ത്യ ആസ്ട്രേലിയയിലെത്തുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ചയാണ്. ഫോം കണ്ടെത്താനായില്ലെങ്കിൽ സീനിയേഴ്സിന്‍റെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടും. നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റി യുവതാരം ശുഭ്മൻ ഗില്ലിനെ നിയമിച്ചാണ് ഇന്ത്യൻ സംഘം ഓസീസിനെ നേരിടാനൊരുങ്ങുന്നത്. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു.
